വിൽപ്പനയുടെ പേരിൽ കബളിപ്പിച്ചെന്ന് പരാതി; കടയ്ക്ക് പിഴ ചുമത്തി
1541136
Wednesday, April 9, 2025 5:52 AM IST
മലപ്പുറം: "ഹാപ്പി ഹവർ ഓഫർ’ വിൽപ്പനയിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ചുവെന്ന പരാതിയിൽ മഞ്ചേരിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച കടയ്ക്ക് ജില്ലാ ഉപഭോകൃത കമ്മീഷൻ 10,000 രൂപ പിഴ ചുമത്തി. 2024 ഒക്ടോബർ ഒന്നിന് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കുന്ന സമയത്താണ് ഉപഭോക്താവിനെ രണ്ടാം തിയതി മുതൽ ഓഫർ വിലയിൽ സാധനങ്ങൾ ലഭിക്കുമെന്ന് അറിയിച്ചത്.
സാധനങ്ങളുടെ എംആർപിയും വിൽപ്പന വിലയും ഓഫർ വിലയും കാണിക്കുന്ന ബ്രോഷറും പരാതിക്കാരന് നൽകിയിരുന്നു. ഇത് പ്രകാരം സാധനങ്ങൾ വാങ്ങി ബില്ലെഴുതുന്പോൾ പച്ചക്കറിക്ക് മാത്രമാണ് ഓഫർ വിലയെന്നും മറ്റുള്ളവയുടെ ഓഫർ വില അതത് സമയം പ്രഖ്യാപിക്കുന്പോൾ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും അറിയിച്ചു.
എന്നാൽ നോട്ടീസിലോ കടയിലോ ഇതുസംബന്ധിച്ച് വിവരങ്ങൾ ഒന്നുമില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മഞ്ചേരി കരിക്കാട് സ്വദേശി ബാലകൃഷ്ണൻ കമ്മീഷനിൽ പരാതി നൽകിയത്. പരാതിക്കാരനുണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് 10,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃത കമ്മീഷൻ നിർദേശിച്ചു.