നെല്ലിക്കുത്ത് സ്കൂളില്‍ ഡ്രോണ്‍ പരിശീലനവും കാമ്പസ് അഭിമുഖവും
1514054
Friday, February 14, 2025 4:00 AM IST
മഞ്ചേരി: നെല്ലിക്കുത്ത് ജിവിഎച്ച്എസ്എസ് അഗ്രികള്‍ച്ചറല്‍ വിഭാഗവും ബീടെക് സൊല്യൂഷന്‍സും സംയുക്തമായി കാര്‍ഷിക മേഖലയില്‍ ഡ്രോണുകളുടെ ഉപയോഗം സംബന്ധിച്ച് പരിശീലനം നല്കി. ഇതോടൊപ്പം മേഖലയിലെ തൊഴില്‍ സാധ്യതകളെ കുറിച്ച് സെമിനാറും കാമ്പസ് അഭിമുഖവും സംഘടിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികള്‍ക്ക് ഈ മേഖലയില്‍ ജോലി നല്‍കാനും സ്റ്റാര്‍ട്ടപ്പ് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ബീടെക് സൊല്യൂഷന്‍സ് അഗ്രിക്കച്ചര്‍ ഡ്രോണ്‍ കമ്പനി പിന്തുണ വാഗ്ദാനം നല്കി.
രൂക്ഷമായ തൊഴിലാളി ക്ഷാമം നേരിടുന്ന കാര്‍ഷിക മേഖലയിലെ മരുന്നു തളി, രോഗ-കീട-പോഷണ സംബന്ധമായ കാര്‍ഷിക വിളകളുടെ എല്ലാ മോണിറ്ററിംഗ് പ്രവര്‍ത്തനങ്ങള്‍ക്കും നൂതനവും ചെലവ് കുറഞ്ഞതുമായ സാങ്കേതിക വിദ്യയായും യുവാക്കള്‍ക്ക് മികച്ച തൊഴിലവസരവുമായും ഡ്രോണ്‍ ടെക്നോളജി വളര്‍ന്നതായി സെമിനാര്‍ വിലയിരുത്തി. പരിപാടി പിടിഎ പ്രസിഡന്റ് സലീം മുട്ടോറ ഉദ്ഘാടനം ചെയ്തു.
എസ്എംസി ചെയര്മാന് ജയപ്രകാശ്, ബീടെക് സൊല്യൂഷന്‍സ് എംഡി ത്വല്‍ഹത്, പ്രിന്‍സിപ്പല്‍ ആര്. രശ്മി, അഗ്രികള്‍ച്ചര്‍ അധ്യാപകന് ബി.വി. പ്രദീപ്, കോമേഴ്സ് വിഭാഗം അധ്യാപകന് എം. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു. സെമിനാറിനുശേഷം സ്കൂള്‍ ഗ്രൗണ്ടില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്ന രീതി പ്രദര്‍ശിപ്പിച്ചു.