യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് ഇന്ന്
1514051
Friday, February 14, 2025 4:00 AM IST
നിലമ്പൂര്‍: കഴിഞ്ഞ നാലുവര്‍ഷമായിട്ടും ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് ഉള്‍പ്പടെ എല്‍ഡിഎഫ് പ്രകടനപത്രികയില്‍ ജനങ്ങളോട് പറഞ്ഞ വികസനം നടത്തുന്നതില്‍ നഗരസഭ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ നഗരസഭയിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും. നഗരസഭയില്‍ പ്രധാന റോഡുകള്‍ മുഴുവന്‍ പൊട്ടിപൊളിഞ്ഞ് ഗാതാഗതയോഗ്യമല്ലാതെ കിടക്കുകയാണ്.
തെരുവ് വിളക്കുകള്‍ പ്രകാശിക്കുന്നില്ല. ഭൂമിയില്ലാത്തവര്‍ക്ക് സ്ഥലം വാങ്ങാന്‍ പദ്ധതിയില്ല. സ്ഥലമുള്ളവര്‍ക്ക് വീട് വയ്ക്കാനും പദ്ധതിയില്ല. ഈ നഗരസഭയുടെ കാലത്തുള്ള മുതുകാട് ചൂരക്കുളം നവീകരണ പ്രവൃത്തി വന്‍ ക്രമക്കേടും അഴിമതിയും നടത്തി പാതിവഴിയില്‍ കിടക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നഗരസഭയുടെ പിടിപ്പ്കേട് കാരണം മരാമത്ത് പ്രവൃത്തിയില്‍ മാത്രം 23 ശതമാനം ഫണ്ട് മാത്രമാണ് ചെലവഴിച്ചത്.
ജനക്ഷേമ പദ്ധതികളില്ലാത്ത വികസനമുരടിപ്പിന്റെ നാലു വര്‍ഷമാണ് കടന്നുപോയത്. ജനവിരുദ്ധ ഭരണസമിതിക്കെതിരേ യുഡിഎഫ് നടത്താന്‍ പോകുന്ന ബഹുജനപ്രക്ഷോഭങ്ങളുടെ ഭാഗമായാണ് യുഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ് പറഞ്ഞു.