സംരക്ഷണഭിത്തി വീടുകൾക്ക് മുകളിലേക്ക് തകർന്നുവീണു
1514046
Friday, February 14, 2025 3:54 AM IST
കരുവാരകുണ്ട്: കൽകുണ്ട് മാമ്പറ്റ മുള്ളറയിൽ റോഡിന്റെ സംരക്ഷണഭിത്തി വീടുകളുടെ മുകളിലേക്ക് തകർന്നു വീണു. റോഡിന്റെ താഴെ ഭാഗത്തുള്ള രണ്ട് വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. കൈപ്പുള്ളി സൈതലയുടെ വീടിന്റെ ശുചിമുറി തകർന്നു.
കരുവാരകുണ്ട് ഗ്രാമ പഞ്ചായത്ത് എട്ട് ലക്ഷം രൂപ മുടക്കി നിർമിച്ച റോഡിന്റെ സംരക്ഷണ ഭിത്തിയാണ് തകർന്നത്. ബുധനാഴ്ചയാണ് സംരക്ഷണ ഭിത്തി പണിതത്. വേണ്ടത്ര ഉറപ്പില്ലാതെ നടത്തിയ നിർമാണത്തെ തുടർന്നാണ് സംരക്ഷണഭിത്തി തകരാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.
പത്തടി പൊക്കമുണ്ടായിട്ടും പകുതി ബെൽറ്റ് കൊടുക്കണമെന്ന പ്രദേശവാസികളുടെ അഭിപ്രായം ഫണ്ടില്ലെന്ന കാരണം പറഞ്ഞ് കരാറുകാരൻ നിരസിച്ചതായും പരാതിയുണ്ട്.