പാതയോരത്തെ പൈപ്പുകള്‍: പരാതി നല്കി യൂത്ത് ലീഗ് അമരമ്പലം പഞ്ചായത്ത് കമ്മിറ്റി
1514045
Friday, February 14, 2025 3:54 AM IST
നിലമ്പൂര്‍: റോഡരികിലിട്ട പൈപ്പുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ നിവേദനം നല്കി. പൂക്കോട്ടുംപാടം-ചുള്ളിയോട് ഏലക്കല്ല് പാതയുടെ പല ഭാഗങ്ങളിലായി ഒരു വര്‍ഷത്തിലധികമായി ഇറക്കിവച്ചതാണ് പൈപ്പുകള്‍.
വാട്ടര്‍ അഥോറിറ്റിയുടെ വലിയ കുടിവെള്ള പൈപ്പുകള്‍ അപകടക്കെണിയാകുന്നതായി പരാതിയുണ്ട്. യൂത്ത് ലീഗ് അമരമ്പലം പഞ്ചായത്ത് കമ്മിറ്റിയാണ് പരാതിയുമായി രംഗത്ത് വന്നത്.
ഒട്ടനവധി അപകടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലടക്കം ഇതുമൂലം സംഭവിച്ചിട്ടുള്ളതെന്നും ഇത് വിദ്യാര്‍ഥികള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും വാഹന യാത്രക്കാര്ക്കുമടക്കം ജീവന് ഭീക്ഷണിയായി മാറിയിരിക്കുകയാണെന്നും പരാതിയിലുണ്ട്.
കഴിഞ്ഞ ദിവസം പൂക്കോട്ടുംപാടം ഭാഗത്ത് നിന്ന് വന്ന വാഹനം എതിര് ദിശയില്‍ നിന്നുള്ള വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ റോഡിലേക്ക് ഇറങ്ങിക്കിടന്ന പൈപ്പില്‍ തട്ടി ടയര്‍ പൊട്ടിയിരുന്നു. തുടര്‍ന്ന് ക്രെയിന്‍ കൊണ്ടുവന്നാണ് റോഡില്‍ നിന്ന് വാഹനം നീക്കം ചെയ്തത്. സമാന രീതിയില്‍ അപകടങ്ങള്‍ മുന്‍പും സംഭവിച്ചിട്ടുണ്ട്.
ഇറക്കിവച്ച മുഴുവന്‍ പൈപ്പുകളും നീക്കം ചെയ്യണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം. പരാതി നിലമ്പൂര്‍ പിഡബ്ല്യുഡി അസിസ്റ്റന്റ് എന്ജിനിയക്ക് കൈമാറി. മുഴുവന്‍ പൈപ്പുകളും ഒരാഴ്ചക്കകം പാതയോരത്ത് നിന്ന് മാറ്റുമെന്ന് എന്‍ജിനിയര്‍ യൂത്ത് ലീഗ് ഭാരവാഹികളെ അറിയിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം. ബിഷര്‍, ജനറല്‍ സെക്രട്ടറി വി.പി. ബഷീര്‍, ഭാരവാഹികളായ അയ്യൂബ് കൈനോട്ട്, വി. സലാം, റാഫിക്ക് പുഞ്ച, ഫവാസ് ചുള്ളിയോട് എന്നിവർ ചേർന്നാണ് നിവേദനം നല്‍കിയത്.