അനുഭവ പരിചയ പഠന പരിപാടിയിൽ പങ്കെടുക്കാൻ ജിയ മരിയ റോസ്
1514041
Friday, February 14, 2025 3:54 AM IST
അങ്ങാടിപ്പുറം: ഗുജറാത്തിലെ ഗാന്ധിനഗറിൽ മാർച്ച് 29 മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ദേശീയ അനുഭവ പരിചയ പഠന പരിപാടിയിൽ പങ്കെടുക്കാൻ ജില്ലയിൽ നിന്നും പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ 10-ാംക്ലാസ് വിദ്യാർഥിനി ജിയ മരിയ റോസ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ സഹവാസ പരിപാടി ഗാന്ധിനഗർ ജിസിഇആർടിയിൽ (ഗുജറാത്ത് കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്) നടക്കും. പുതിയ പഠനരീതികൾ വിദ്യാർഥികളെ പരിചയപ്പെടുത്തുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. രാജ്യത്തിന്റെ ഭൂമിശാസ്ത്രം, ചരിത്രം, വാസ്തുവിദ്യ, ഗണിതം, വൈവിധ്യമാർന്ന ഭാഷാ വിഭവങ്ങൾ, കാലാവസ്ഥ, കല, സാഹിത്യം, സംസ്കാരം എന്നിവയെല്ലാം ചർച്ചയാകും.
ജില്ലാതലത്തിൽ നടത്തിയ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ദേശീയ പരിപാടിയിൽ പങ്കെടുക്കാൻ ജിയ മരിയ റോസിനെ തിരഞ്ഞെടുത്തത്.
പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റർ ജിമ്മി കാട്ടടിയുടെയും പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സ്വപ്ന സിറിയക്കിന്റെയും മകളാണ്. ഇതേ ദിവസങ്ങളിൽ അധ്യാപകർക്കായി നടത്തുന്ന ശില്പശാലയിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപിക ശ്രീജ ജോസഫും പങ്കെടുക്കും.