ചുങ്കത്തറ പ്രസിഡന്റിനെതിരേയുള്ള അവിശ്വാസ പ്രമേയം : വികസനത്തിന് തുരങ്കം വയ്ക്കുന്നക്കുന്നതെന്ന്
1514038
Friday, February 14, 2025 3:54 AM IST
എടക്കര: ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരേ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം വികസനത്തിന് തുരങ്കം വയ്ക്കുന്നതാണെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫിന്റെ അവിശ്വാസത്തിന് എല്‍ഡിഎഫില്‍ നിന്നുള്ള ഒരംഗത്തിന്റെ പോലും പിന്തുണ ലഭിക്കാന്‍ പോകുന്നില്ലെന്നും ഇരുപതംഗ ഭരണസമിതിയിലെ ഇടതുപക്ഷത്തെ പത്ത് അംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രസിഡന്റ് ടി.പി. റീനക്കെതിരേ യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് മുഴുവന്‍ അംഗങ്ങളെയും പങ്കെടുപ്പിച്ച് വാര്‍ത്താസമ്മേളനം നടത്തിയത്.
മുന്‍ എംഎല്‍എയുടെ കളിപ്പാവകളായി യുഡിഎഫ് മാറിയിട്ടുണ്ടെന്നും ഇത് അവരുടെ ഗതികേടാണെന്നും സിപിഎം ഏരിയ സെക്രട്ടറി ടി. രവീന്ദ്രന് പറഞ്ഞു. മുന്‍ എംഎല്‍എയുടെ താല്പര്യത്തിന് വഴങ്ങുകയാണ് യുഡിഎഫ് ചെയ്തിരിക്കുന്നതെന്നും അവിശ്വാസം പരാജയപ്പെടുത്താന്‍ എല്ലാ ശ്രമവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൂറുമാറാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസൈബ സുധീര്‍ പറഞ്ഞു. നാല് വര്‍ഷമായി സിപിഎം പ്രതിനിധിയായിട്ടാണ് പ്രവര്‍ത്തിച്ചതെന്നും തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കുമെന്നും കൂറുമാറാനോ രാജിവയ്ക്കാനോ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
ചുങ്കത്തറ ലോക്കല്‍ സെക്രട്ടറി സി. ബാലകൃഷ്ണന്, പ്രസിഡന്റ് ടി.പി. റീന, അംഗങ്ങളായ എം.ആര്. ജയചന്ദ്രന്, മുജീബ് തറമ്മല്‍, ബിന്ദു കുരിക്കശേരി, ഹാന്‍സി കെ. ജോയ്, രതീഷ് മഠത്തില്‍, ഷാജഹാന് ചേലൂര്‍, ബിനീഷ് കൊച്ചുപറമ്പില്‍, പി.വി. പുരുഷോത്തമന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.