‘പദ്ധതി ചെലവിനത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഒന്നാമത് ’
1514037
Friday, February 14, 2025 3:54 AM IST
മലപ്പുറം: സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകളിൽ പദ്ധതി ചെലവിനത്തിൽ മലപ്പുറം ജില്ല ഒന്നാം സ്ഥാനത്താണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ജില്ലാ പഞ്ചായത്തിന്റെ 2025- 26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പദ്ധതിവിഹിതമായി ലഭിച്ച 134.1 8 കോടി രൂപയിൽ 66.6 കോടി ഇതുവരെ ചെലവഴിച്ചു. നൂറു ശതമാനവും ചെലവഴിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
ഭിന്നശേഷി വിഭാഗത്തിൽപെട്ടവരും കിടപ്പു രോഗികളുമായ 261 പേർക്ക് 2.89 കോടി രൂപ ചെലവിൽ ഈ വർഷം ഇലക്ട്രിക് വീൽ ചെയറുകൾ വിതരണം ചെയ്തിട്ടുണ്ട്. ഭൂരഹിതരായ 850 പേർക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു സെന്റ് വീതം ഭൂമി വാങ്ങി നൽകി. മാറഞ്ചേരി ഗവ. സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി പുതുതായി വാങ്ങിയ 46 സെന്റ് ഭൂമിയിൽ നിർമാണം നടന്നു വരികയാണ്.
പുതിയ കാർഷിക രീതിയെപ്പറ്റി കർഷകർക്കിടയിൽ അവബോധം വളർത്താനും കാർഷിക മേഖലയിൽ പുത്തനുണർവ് നൽകാനും "നിറ പൊലി' എന്ന പേരിൽ കാർഷിക മേള ഈ വർഷം സംഘടിപ്പിച്ചതായും പ്രസിഡന്റ് പറഞ്ഞു.
അടുത്ത വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട കരട് പ്ലാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ ഉമ്മർ അറയ്ക്കലിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായീൽ മൂത്തേടം അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ്, ഉമ്മർ അറയ്ക്കൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.പി.വി.മനാഫ്, പി.കെ.സി. അബ്ദുറഹ്മാൻ, കെ.ടി. അഷ്റഫ്, ബഷീര് രണ്ടത്താണി തുടങ്ങിയവർ പങ്കെടുത്തു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നേതൃത്വം നൽകി.