കൊലക്കേസ് പ്രതിയെ അക്രമിച്ച അഞ്ചുപേര്‍ അറസ്റ്റില്‍
1489892
Wednesday, December 25, 2024 1:40 AM IST
മഞ്ചേരി: കൊലക്കേസ് പ്രതിയെ അക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്ന കേസില്‍ ഒളിവിലായിരുന്ന അഞ്ച് പേരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശികളായ ജംഷീര്‍, അബ്റാസ്, താനൂര്‍ സ്വദേശികളായ തൗഫിഖ്, വാഹിദ്, ഫൈസല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നെല്ലിക്കുത്ത് ഞാറ്റുപൊയില് ശുഹൈബ് എന്ന കൊച്ചു (29)വിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. 2023 ഡിസംബര്‍ 29ന് അര്‍ധരാത്രി നെല്ലിക്കുത്ത് സ്കൂളിന് സമീപമാണ് കേസിനാസ്പദമായ സംഭവം.
ഓട്ടോയിലിരുന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കവേ അക്രമിസംഘത്തെ കണ്ട് ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെയെത്തിയ സംഘം ശുഹൈബിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. അക്രമത്തില്‍ ശുഹൈബിന്റെ സുഹൃത്തിനും വെട്ടേറ്റിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേര് ഓടി രക്ഷപ്പെട്ടു. ഗുരുതര
പരിക്കേറ്റ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കേസില്‍ പത്ത് പ്രതികളാണുള്ളത്. മൂന്ന് പേരെ താനൂരില്‍ നിന്നും അവശേഷിക്കുന്നവരെ മഞ്ചേരി, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സംഭവം നടന്ന് ഒരു വര്‍ഷത്തിനു ശേഷമാണ് ഇവര്‍ പിടിയിലാകുന്നത്.
മഞ്ചേരി സ്വദേശികള്‍ക്കെതിരെ ഗൂഢാലോചനയും താനൂര്‍ സ്വദേശികളായ പ്രതികള്‍ക്കെതിരെ വധശ്രമത്തിനുമാണ് കേസ്. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സ്റ്റേഷന് ഹൗസ് ഓഫീസര്‍ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നഗരസഭാ കൗണ്‍സിലറായിരുന്ന തലാപ്പില്‍ അബ്ദുള്‍ ജലീലി(57) നെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയെന്നതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ശുഹൈബ്. 2022 മാര്‍ച്ച് 29ന് പയ്യനാട് താമരശേരിയില്‍ വച്ചാണ് കൗണ്‍സിലര്‍ കൊല്ലപ്പെട്ടത്. വാഹനത്തിന് സൈഡ് കൊടുക്കുന്നത് സംബന്ധിച്ച തര്‍ക്കമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്.