പാട്ടക്കരിമ്പിലെ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരേ ജനകീയ സമിതി
1489891
Wednesday, December 25, 2024 1:40 AM IST
പൂക്കോട്ടുംപാടം: റീ ബില്‍ഡ് കേരള ഡെവലപ്മെന്റിന് കീഴില്‍ നവകിരണം പദ്ധതി പ്രകാരം പാട്ടക്കരിമ്പിലെ നാല്‍പ്പതോളം കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കാനുള്ള വനംവകുപ്പിന്റെ തീരുമാനത്തിനെതിരേ ജനകീയ സമിതിയുമായി നാട്ടുകാര്‍ രംഗത്ത്. വനത്തിനകത്ത് ഒറ്റപ്പെട്ടു കിടക്കുന്നതും വന്യമൃഗശല്യം രൂക്ഷമായതുമായ പ്രദേശത്തെ ഭൂമി ഏറ്റെടുക്കാന്‍ വേണ്ടിയുള്ള വനംവകുപ്പിന്റെ പദ്ധതിയാണ് റീബില്‍ഡ് കേരള ഡെവലപ്മെന്റ് പദ്ധതി. പദ്ധതി പ്രകാരം
ഭൂവുടമകള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക നഷ്ടപരിഹാരം സംബന്ധിച്ചും വനത്തിനോട് ചേര്‍ന്നുള്ള ഭൂമി ഏറ്റെടുക്കുന്നതോടെ ഉണ്ടായോക്കാവുന്ന വന്യമൃഗശല്യത്തെക്കുറിച്ചുള്ള ആശങ്ക അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭൂമിയേറ്റെടുക്കുമ്പോള്‍ ഒരാള്‍ക്ക് 15 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കുക. ഇതില്‍ നിലവിലുള്ള ഭൂമിയുടെ വില നിശ്ചയിക്കപ്പെടുന്നില്ല. ഇത് പ്രകാരം ഭൂമി കൂടുതലുണ്ടെങ്കിലും ഒറ്റക്ക് താമസിക്കുന്ന ഒരാള്‍ക്ക് പരമാവധി ലഭിക്കുന്ന തുക 15 ലക്ഷം രൂപയാണ്. എന്നാല്‍ കുറഞ്ഞ ഭൂമിയും കൂടുതല്‍ അംഗസംഖ്യയുള്ള കുടുംബത്തിന് ഒരാള്‍ക്ക് 15 ലക്ഷം രൂപ വീതം ലഭിക്കും. വനം വകുപ്പ് സ്ഥലം ഏറ്റെടുക്കുന്നതോടെ പാട്ടക്കരിമ്പ് അങ്കണവാടി മുതല്‍ പാട്ടക്കരിമ്പ് നഗര്‍ വരെയുള്ള പൊതുഗതാഗതമാര്ഗവും വനത്തിനോട് ചേര്‍ന്നാകും.
കൂടാതെ ജനങ്ങള്‍ തിങ്ങിതാമസിക്കുന്ന മേഖലകളിൽ വന്യമൃഗശല്യം രൂക്ഷമാകും. ഇത് ജീവനും ഭീഷണിയാണ്. ഇത്തരം പ്രവൃത്തികള്‍ വന്യമൃഗശല്യത്തിന് പരിഹാരമാകില്ലെന്നാണ് ജനകീയ സമിതി ചൂണ്ടിക്കാട്ടുന്നത്.ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ മതിയായ നഷ്ടപരിഹാരം നല്കി പ്രദേശത്തെ മുഴുവന്‍ ഭൂമിയും ഏറ്റെടുക്കണമെന്നും അല്ലാത്തപക്ഷം ഈ പദ്ധതി ഉപേക്ഷിക്കണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി 26ന് രാവിലെ 10ന് ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ വി.കെ. അനന്തകൃഷ്ണന്, പി. ശിവാത്മജന്, പി. ഉണ്ണികൃഷ്ണന്, തച്ചങ്കോടന്‍ ബാപ്പുട്ടി, ആലാന്‍ ഖാദര്‍, ദേവദാസന് കരുവാരപ്പറ്റ, ശ്രീജ പ്രഭാകരന്, ആതിര എടപൊയില് എന്നിവര്‍ പ്രസംഗിച്ചു. ജനകീയ സമിതി ഭാരവാഹികള്‍: ടോമി ഇലവുങ്കല്‍ (കണ്‍വീനര്‍), എസ്. ധന്യ (ചെയര്‍പേഴ്സൺ), കെ. മീനാക്ഷി (ജോയിന്റ് കണ്‍വീനര്‍), കെ. വിജയന് (വൈസ് ചെയര്മാന്).