തിരുപ്പിറവിയുടെ ഓര്മ പുതുക്കി ഇന്ന് ക്രിസ്മസ്
1489890
Wednesday, December 25, 2024 1:40 AM IST
കരുവാരകുണ്ട്: യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓര്മ പുതുക്കി ഇന്ന് ക്രിസ്മസ്. ഇരുപത്തഞ്ചു ദിവസത്തെ വ്രതാനുഷ്ടാനവും ദാനധര്‍മങ്ങളും പ്രാര്‍ഥനകളും നടത്തിയാണ് വിശ്വാസികള്‍ ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയത്. മലയോര മേഖലയിലെ ദേവാലയങ്ങളിലും ഭവനങ്ങളിലും തിരുപ്പിറവി ദൃശ്യവത്കരിക്കുന്ന പുല്‍ക്കൂട്, പ്രത്യാശയുടെ പ്രകാശം പരത്തുന്ന നക്ഷത്ര വിളക്കുകള്‍, കരോള്‍ ഗാനങ്ങള്‍, ആഘോഷത്തിന്റെ മധുരം നിറക്കുന്ന കേക്കുകള്‍ എന്നിവയെല്ലാം ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
കരുവാരകുണ്ട് തിരുകുടുംബ ഫൊറോന പള്ളിയില്‍ ക്രിസ്മസ് തിരുനാളിനോടനുബന്ധിച്ച് ചൊവ്വാഴ്ച്ച രാത്രി 10.30 ന് ഫൊറോന വികാരി ഫാ.തോമസ് പൊരിയത്ത് അര്‍പ്പിച്ച ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെയാണ് തിരുകര്‍മങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് കുരുന്നുകളുടെ കലാപരിപാടിയും അരങ്ങേറി. ഇന്ന് രാവിലെ 6.45ന് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെ പിറവി തിരുനാള്‍ തിരുകര്‍മങ്ങള്‍ സമാപിച്ചു.
കല്കുണ്ട്: കല്കുണ്ട് സെന്റ് മേരീസ് ദേവാലയത്തില്‍ ക്രിസ്മസ് തിരുകര്‍മങ്ങള്‍ ചൊവ്വാഴ്ച രാത്രി 10.30ന് ആരംഭിച്ചു. വിശുദ്ധ കുര്‍ബാനക്ക് വികാരി ഫാ.അരുണ്‍ ചീരമറ്റം കാര്‍മികത്വം വഹിച്ചു. ഇന്ന് രാവിലെ ഏഴിന് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെ തിരുകര്‍മങ്ങള്‍ സമാപിച്ചു.
കരുവാരകുണ്ട്: വീട്ടിക്കുന്ന് സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ നടന്ന തിരുപ്പിറവി കര്‍മങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജോര്‍ജ് ആലുംമൂട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച്ച വിവിധ പരിപാടികളാണ് കരുവാരകുണ്ട് വീട്ടിക്കുന്ന് സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ നടന്നത്. പ്രദക്ഷിണം, തീ ഉഴലിച്ച ശുശ്രൂഷ, ആഘോഷമായ വിശുദ്ധ കുര്‍ബാന, സമാപന ആശിര്‍വാദം, കേക്ക് വിതരണം തുടങ്ങിയവയും നടന്നു. തുടര്‍ന്ന് എംസിവൈഎഫ്, എംസിഎംഎഫ് എന്നിവയുടെ നേതൃത്വത്തില്‍ കരോള്‍ ഗാനാലാപനം തുടങ്ങിയവയും ഉണ്ടായിരുന്നു.