‘അദാലത്തുകളില്‍ പരിഹരിക്കുന്നത് സാധാരണക്കാരന്റെ ജീവിത പ്രശ്നങ്ങള്‍'
1489886
Wednesday, December 25, 2024 1:40 AM IST
പൊന്നാനി: സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിന് തടസമായി നില്ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് താലൂക്ക്തല അദാലത്തുകളിലൂടെ നിര്‍വഹിക്കുന്നതെന്ന് ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പൊന്നാനി എംഇഎസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പൊന്നാനി താലൂക്ക്തല "കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ രണ്ട് താലൂക്ക് അദാലത്തുകളിലും ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായതാണ് അനുഭവം. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മികച്ച സഹകരണം ഉണ്ടായിട്ടുണ്ട്. എന്നാല്‍ സാമൂഹിക പ്രതിബദ്ധതയും ആത്മാര്‍ഥതയും കാണിക്കാത്ത ചില ഉദ്യോഗസ്ഥരുടെ മനോഭാവം ഇനിയും മാറാനുണ്ടെന്നും സാധാരണ മനുഷ്യരുടെ പ്രശ്നങ്ങള്‍ സ്വന്തം പ്രശ്നം പോലെ കണ്ട് അലംഭാവമില്ലാതെ പരിഹരിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളോട് പ്രതിബദ്ധതയുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും തുടര്‍ച്ചയായ അദാലത്തുകളിലൂടെയും ഉദ്യോഗസ്ഥ ഇടപെടലുകളിലൂടെയും താഴെ തട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഇപ്പോള്‍ നടക്കുന്ന അദാലത്തില്‍ പരാതികള്‍ കുറയുന്നതെന്നും മന്ത്രി വി. അബ്ദുറഹിമാന് പറഞ്ഞു. രണ്ട് മന്ത്രിമാരുടെയും നേതൃത്വത്തിലാണ് അദാലത്ത് നടന്നത്. പി. നന്ദകുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ വി.ആര്. വിനോദ്, സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര, എഡിഎം എന്‍.എം. മെഹറലി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ഫീല്‍ഡ് ലെവല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
പൊന്നാനി
അദാലത്തില്‍ ലഭിച്ചത് 308 പരാതികള്‍
പൊന്നാനി: മന്ത്രിമാരായ വി. അബ്ദുറഹിമാന്, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ പൊന്നാനി എംഇഎസ് കോളജില്‍ നടന്ന "കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തില്‍ ആകെ ലഭിച്ചത് 308 പരാതികള്‍. അദാലത്തിനു മുമ്പായി ഓണ്‍ലൈനായും താലൂക്ക് ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍ വഴിയും 165 പരാതികളും അദാലത്ത് ദിവസം 143 പരാതികളും ലഭിച്ചു.
മുന്‍കൂര്‍ ലഭിച്ചവയില്‍ 89 പരാതികള്‍ മന്ത്രിമാര്‍ നേരില്‍കേട്ട് തീര്‍പ്പാക്കി. അദാലത്ത് ദിവസം ലഭിച്ചത് ഉള്‍പ്പെടെ അവശേഷിക്കുന്ന പരാതികള്‍ രണ്ടാഴ്ചയ്ക്കകം തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. അദാലത്ത് വേദിയില്‍ വച്ച് 32 പേര്‍ക്ക് എഎവൈ, ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.