മുണ്ടേരി കൃഷിത്തോട്ടത്തിന്റെ വാര്‍ഷികമേള "നിറവ് 25’ ലോഗോ പ്രകാശനം ചെയ്തു
1485112
Saturday, December 7, 2024 5:15 AM IST
എടക്കര: കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിലെ സ്പെഷല്‍ ഫാമായ മുണ്ടേരി വിത്തു കൃഷിത്തോട്ടത്തിന്റെ വാര്‍ഷിക മെഗാമേളയായ "നിറവ് 25'ന്റെ ലോഗോ പ്രകാശനം കൃഷി ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വഹിച്ചു. കൃഷി അഡീഷണല്‍ ഡയറക്ടര്‍ എ.ജെ. സുനില്‍, ജോയിന്റ് ഡയറക്ടര്‍മാരായ ബിന്ദു വിവേകദേവി, സി.എസ്. ബിന്ദു, എ.ആര്. സുരേഷ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി. ഷക്കീല, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സി. വിദ്യ, അജിത്ത് ചാക്കോ, കൃഷി ഓഫീസര്‍ കെ. നിതിന്‍ എന്നിവര്‍ പങ്കെടുത്തു. എടക്കര കൃഷി ഓഫീസര്‍ എബിത ജോസഫാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.
26 മുതല്‍ ജനുവരി മൂന്ന് വരെയാണ് "നിറവ്’സംഘടിപ്പിക്കുന്നത്. നൂറോളം സ്റ്റാളുകളിലായി ഫാമിലെ നടീല്‍ വസ്തുക്കളും മറ്റ് ഫാം ഉത്പന്നങ്ങളും കൂടാതെ കൃഷിക്കൂട്ടങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും വ്യാപാര യൂണിറ്റുകളുടെയും ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടാകും. 1300 ഏക്കറോളം വിസ്തൃതിയുള്ള ഫാമിന്റെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനും ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ജീപ്പ് സഫാരിയും ട്രക്കിംഗിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കി സംഘടിപ്പിക്കുന്ന നിറവില്‍ കാര്‍ഷിക ക്ലാസുകള്‍, ക്രോപ് മ്യൂസിയം, കാര്‍ണിവല്‍, ഫുട്ബോള്‍ ടൂര്‍ണമെന്റ്, വിവിധ കായിക മത്സരങ്ങള്‍, സെല്‍ഫി പോയിന്റുകള്‍, ഫുഡ് ഫെസ്റ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.