വേങ്ങര സ്വദേശിയുടെ ഒരുകോടി തട്ടിയ പ്രതിയെ ബിഹാറില്‍ നിന്ന് സാഹസികമായി പിടികൂടി സൈബർ പോലീസ്
1485111
Saturday, December 7, 2024 5:15 AM IST
മലപ്പുറം: മമ്മൂട്ടി ചിത്രമായ കണ്ണൂര്‍ സ്ക്വാഡിനെ ഓര്‍മിപ്പിച്ച് മലപ്പുറം സൈബര്‍ പോലീസ്. വേങ്ങര സ്വദേശിയുടെ ഒരുകോടി രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ ബിഹാറില്‍ നിന്ന് സാഹസികമായി പിടികൂടി അന്വേഷണ സംഘം. ബിഹാര്‍ സ്വദേശിയായ അനീഷ് കുമാര്‍ എന്ന സോനു (34)വിനെയാണ് പിടികൂടിയത്.
ഷെയര്‍ ട്രേഡിംഗ് ചെയ്ത് മികച്ച ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികള്‍ ഒരു കോടി എട്ട് ലക്ഷം രൂപ തട്ടിയെടുത്തത്. വേങ്ങര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മലപ്പുറം പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം തുടരന്വേഷണം നടത്താന്‍ മലപ്പുറം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഐ.സി. ചിത്തരഞ്ജന് കൈമാറുകയായിരുന്നു.
തുടര്‍ന്ന് കര്‍ണാടകയിലെത്തിയ അന്വേഷണ സംഘം മടിക്കേരിയിലെ വാടക വീട്ടില്‍ വച്ച് ഡല്‍ഹി സ്വദേശിയായ റോഷനെ മേയ് മാസത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് 50,000 സിം കാര്‍ഡുകളും 180 ല്‍ പരം മൊബൈല്‍ ഫോണുകളും പിടികൂടിയതോടെയാണ് ഈ കേസ് വഴിതിരിവിലെത്തുന്നത്. റോഷനില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു പ്രതിയെ ഹരിയാനയില്‍ നിന്ന് അന്വേഷണ സംഘം പിടികൂടി. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ബിഹാര്‍ സ്വദേശിയായ അനീഷ് കുമാര്‍ എന്ന സോനുവിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.
ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം ഡിസിആര്‍ബി ഡിവൈഎസ്പി സാജു കെ. ഏബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്പെക്ടര്‍ ഐ.സി. ചിത്തരഞ്ജന്റെ നേതൃത്വത്തില്‍ പ്രതിയെ പിന്തുടര്ന്ന് ബിഹാറിലെത്തിയ മലപ്പുറം സൈബര്‍ സ്ക്വാഡ് അംഗങ്ങളായ സബ് ഇന്‍സ്പെക്ടര്‍ മധുസൂദനന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷൈജല്‍ പടിപ്പുര, കെ.എം. ഷാഫി പന്ത്രാല എന്നിവര്‍ ദിവസങ്ങളോളം ബിഹാറില്‍ ക്യാമ്പ് ചെയ്ത് പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു.
അന്വേഷണ സംഘം രണ്ടു വിഭാഗങ്ങളായി തിരിഞ്ഞാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. ഇതിനിടെ പ്രതിയുമായി ബന്ധമുള്ള ഗ്രാമപ്രദേശത്ത് വച്ച് സ്ക്വാഡ് അംഗങ്ങളുടെ നീക്കം മനസിലാക്കിയ പ്രദേശവാസികള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിയെ സാഹസികമായി ബിഹാറിലെ രൂപസ്പൂര്‍ എന്ന സ്ഥലത്തുവച്ച് അന്വേഷണം സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരളത്തില്‍ നിന്ന് ഏതാണ്ട് 2700 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താണ് പോലീസ് പ്രതിയെ പിടികൂടിയത്.ഇയാളില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് മഞ്ചേരി സബ്ജയിലിലേക്ക് മാറ്റി.