പ്രതികൂല കാലാവസ്ഥ: കാര്‍ഷിക മേഖല പ്രതിസന്ധിയില്‍
1485110
Saturday, December 7, 2024 5:15 AM IST
കരുവാരകുണ്ട്: കാലംതെറ്റി പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും നാണ്യവിളകളെ സാരമായി ബാധിക്കും. കൊക്കോ, അടയ്ക്ക, കാപ്പി, കുരുമുളക് തുടങ്ങിയ നാണ്യവികളുടെ വിളവെടുപ്പുകാലത്ത് മേഖലയില്‍ പെയ്യുന്ന അപ്രതീക്ഷിത മഴ മലയോര കര്‍ഷകരെ തീരാദുരിതത്തിലാക്കി. മികച്ച വില ലഭിക്കുന്ന കൊക്കോകളില്‍ വിരിയുന്ന കായ്കളും പൂവും മഴയില്‍ അഴുകി നശിച്ചുപോകുന്നത് കര്‍ഷകരെ ആശങ്കപ്പെടത്തുന്നു.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സംസ്ഥാനത്ത് കൊക്കോ ഉത്പാദനം അടുത്ത വര്‍ഷത്തെ ആദ്യവിളവില്‍ ചുരുങ്ങുമെന്നതിനാല്‍ ഉത്പന്നത്തിന്റെ വിലക്കയറ്റത്തിന് അവസരം ഒരുക്കി. നിലത്ത് ഉണക്കാന്‍ നിരത്തിയിരുന്ന ടണ്‍ കണക്കിന് അടയ്ക്കയാണ് മഴയില്‍ നശിച്ചത്. പഴുത്ത് വിളവെടുക്കാറായ കാപ്പി, കുരുമുളക് തുടങ്ങിയവയും മഴയില്‍ നശിക്കുകയാണ്. നാണ്യവിളകളുടെ പറുദീസ എന്നറിയപ്പെടുന്ന കരുവാരകുണ്ട് കല്‍കുണ്ടിലെ കുടിയേറ്റ കര്‍ഷകരുടെ പ്രധാന വരുമാന സ്രോതസ് കൊക്കോ, ജാതി, കമുക്, റബര്‍ തുടങ്ങിയ കാര്‍ഷിക വിളകളാണ്. ഈ വിളകളെ ആശ്രയിച്ചാണ് കര്‍ഷകരുടെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നത്. മേഖലയിലനുഭവപ്പെടുന്ന ചാറ്റല്‍ മഴയും ഇരുണ്ടു മൂടിയ അന്തരീഷവും റബര്‍ കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് കൃഷി വകുപ്പധികൃതരും മുന്നറിയിപ്പു നല്കുന്നു.