"സ്പർശ്’ ബോധവത്കരണ ക്യാന്പ് നടത്തി
1485109
Saturday, December 7, 2024 5:15 AM IST
മലപ്പുറം: വിമുക്തഭടൻമാർക്കും അവരുടെ ആശ്രിതർക്കുമായി മലപ്പുറം എംഎസ്പി ഗ്രൗണ്ടിൽ നടത്തിയ സ്പർശ് ബോധവത്കരണ ക്യാന്പ് കണ്ണൂർ മിലിട്ടറി സ്റ്റേഷൻ കമാൻഡന്റ് കേണൽ പി.എസ്. നാഗ്ര ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഡിഎസ്സി സെന്ററിന്റെ ആഭിമുഖ്യത്തിലാണ് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിമുക്തഭടൻമാർക്കും അവരുടെ ആശ്രിതർക്കുമായി ബോധവത്ക്കരണ ക്യാന്പും സംശയനിവാരണവും സംഘടിപ്പിച്ചത്.
സ്പർശിന്റെ ഭാഗമായ വിവിധ സൗകര്യങ്ങളെക്കുറിച്ച് വിമുക്തഭടൻമാർക്ക് അവബോധം നൽകി. പെൻഷൻ രജിസ്ട്രേഷൻ, ലൈഫ് സർട്ടിഫിക്കറ്റ്, ബാങ്കിംഗ് സൗകര്യങ്ങൾ തുടങ്ങിയ സംവിധാനങ്ങളെക്കുറിച്ച് മനസിലാക്കാനും ക്യാന്പിൽ തന്നെ സേവനം ലഭ്യമാക്കാനും അവസരമൊരുക്കി. ഡിഫൻസ് അക്കൗണ്ട്സ് അസിസ്റ്റന്റ് കണ്ട്രോളർ നാരായണ പ്രസാദ്, കേണൽ പി.എസ്. അനിൽ കുമാർ, ലഫ്. കേണൽ ആർ.എസ്. ബറോഡ, മേജർ എം. പ്രകാശ് എന്നിവർ നേതൃത്വം നൽകി.