സ്കൂട്ടറില്‍ ക്രെയിനിടിച്ച് നഴ്സിംഗ് വിദ്യാര്‍ഥിനി മരിച്ചു
1484960
Friday, December 6, 2024 10:24 PM IST
പെരിന്തല്‍മണ്ണ: സ്കൂട്ടറില്‍ ക്രെയിനിടിച്ച് നഴ്സിംഗ് വിദ്യാര്‍ഥിനി മരിച്ചു. പെരിന്തല്‍മണ്ണ പാണമ്പിയിലെ പുളിക്കല്‍ നജീബിന്റെയും ഫജീലയുടെയും മകളായ നേഹ (21)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30ന് പെരിന്തല്‍മണ്ണ-കോഴിക്കോട് റോഡില്‍ ജൂബിലി റോഡ് ജംഗ്ഷനിലാണ് അപകടം നടന്നത്.
അല്‍ഷിഫ നഴ്സിംഗ് കോളജില്‍ ബിഎസ്സി വിദ്യാര്‍ഥിനിയായ നേഹ വെട്ടത്തൂര്‍ കാപ്പിലെ ബന്ധുവീട്ടില്‍നിന്ന് ഭർത്താവ് അഷര്‍ ഫൈസലിനൊപ്പം കോളജിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
വാഹനം മറുഭാഗത്തേക്ക് കടക്കുന്നതിനായി യു ടേൺ തിരിക്കാനിരിക്കെ വേഗതയിലെത്തിയ ക്രെയിന്‍ വന്ന് സ്കൂട്ടറിന് പിന്നിലിടിക്കുകയും റോഡില്‍ തെറിച്ചുവീണ വിദ്യാര്‍ഥിനി ക്രെയിനിന്റെ അടിയില്‍ പെടുകയുമായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേഹയെ രക്ഷപ്പെടുത്താനായില്ല. സഹോദരിമാർ: നിയ, സിയ. മൃതദേഹം പെരിന്തല്‍മണ്ണ മൗലാന ആശുപത്രി മോര്‍ച്ചറിയില്‍.