വനംവകുപ്പിന്റെ തടി ഡിപ്പോകളിലെ നിയന്ത്രണം: പരാതിക്കാരില്‍നിന്ന് മൊഴിയെടുത്തു
1484526
Thursday, December 5, 2024 4:30 AM IST
നിലമ്പൂര്‍: വനം വകുപ്പിന്റെ തടി ഡിപ്പോകളിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് അംഗീകൃത വ്യാപാരികളുടെ പരാതിയില്‍ വനം വിജിലന്‍സ് പരാതിക്കാരുടെ മൊഴിയെടുത്തു. നിലമ്പൂര്‍ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസര്‍ വിജേഷ് കുമാറാണ് പരാതിക്കാരായ അസ്കര്‍, സാക്കീര്‍, നിതീഷ്, സഫീര്‍ എന്നിവരില്‍നിന്ന് മൊഴിയെടുത്തത്. പരാതിക്കാര്‍ പാലക്കാട് ടിംബര്‍ സെയില്‍ ഡിവിഷന്
ഡിഎഫ്ഒ, നിലമ്പൂര്‍, നെടുങ്കയം ഡിപ്പോ റേഞ്ച് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പുതിയ നിയന്ത്രണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയും ഇതിലൂടെ ഉദ്യോഗസ്ഥ അഴിമതിക്ക് കളം ഒരുക്കുകയാണെന്നും കാണിച്ച് മുഖ്യമന്ത്രി, വനംമന്ത്രി, കോഴിക്കോട് വനം വിജിലന്‍സ് ഡിഎഫ്ഒ എന്നിവര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് വനം വിജിലന്‍സ് ഡിഎഫ്ഒ ജയപ്രകാശിന്റെ നിര്‍ദേശപ്രകാരമാണ് നിലമ്പൂര്‍ വനം ഫ്ളയിംഗ് സ്ക്വാഡ് ഓഫീസര്‍ വിജേഷ് കുമാര്‍ പരാതിക്കാരെ വടപുറത്തെ വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തത്.
പരാതിക്കാര്‍ രേഖാമൂലം തങ്ങളുടെ പരാതിയും ഇതുമൂലം സര്‍ക്കാരിനുണ്ടാകുന്ന നികുതി വരുമാനത്തിലെ കുറവ്, നിയന്ത്രണം മൂലം ലേലങ്ങളിലുണ്ടായ കുറവുകള്‍ അടക്കം എഴുതി നല്‍കിയിട്ടുണ്ട്.
പാലക്കാട് ടിംബര്‍ സെയില്‍ ഡിവിഷന് കീഴില്‍ വരുന്ന നെടുങ്കയം, അരുവാക്കോട് തടി ഡിപ്പോകളില്‍ മൂന്ന് മാസമായി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ട്.
ഇത് പ്രകാരം വര്‍ഷങ്ങളായി വനം വകുപ്പിന്റെ അംഗീകൃത വ്യാപാരികള്‍ക്കുപോലും ഡിപ്പോകളില്‍ പ്രവേശിക്കണമെങ്കില്‍ ഗേറ്റിലെത്തി ഫോണ്‍ നമ്പറുകള്‍, മേല്‍വിലാസം എന്നിവ കാണിക്കേണ്ട അവസ്ഥയിലാണെന്നും തങ്ങള്‍ വനം വകുപ്പിന്റെ നിയമങ്ങള്‍ക്ക് വിധേയമായി വിളിച്ചെടുക്കുന്ന തടികള്‍ വില്‍പ്പന നടത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും അതിനാല്‍ ലേലത്തില്‍നിന്ന് വിട്ടു നില്‍ക്കാനും വിളിക്കുന്ന തടികളുടെ അളവ് കുറച്ചിരിക്കുകയാണെന്നും വ്യാപാരികള്‍ പറയുന്നു.
എന്നാല്‍, വ്യാപാരികളുടെ പേരില്‍ ഏജന്റുമാര്‍ ഉള്‍പ്പെടെ ഡിപ്പോകളിലേക്ക് കയറുന്നത് തടയുന്നതിനും ഡിപ്പോകളിലെ നടപടികള്‍ സുതാര്യമാക്കാനുമാണ് നിയന്ത്രണമെന്നും വ്യാപാരികള്‍ക്ക് ഡിപ്പോകളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമില്ലെന്നും ഡിപ്പോകളില്‍ പ്രവേശിക്കുമ്പോള്‍ പേരും ഫോണ്‍ നമ്പറും നല്കാന് മാത്രമേ നിര്ദേശിച്ചിട്ടുള്ളുവെന്നാണ് പാലക്കാട് ടിംബര്‍ സെയില്‍സ് ഡിഎഫ്ഒ പറയുന്നത്.