മുവായ് തായ് ചാമ്പ്യന്‍ഷിപ്പ്: മങ്കട സ്വദേശിക്ക് വെങ്കല മെഡല്‍
1484002
Tuesday, December 3, 2024 4:57 AM IST
മങ്കട: ഹോങ്കോങ്ങില്‍ നടന്ന മുവായ് തായ് ഈസ്റ്റ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേട്ടവുമായി മങ്കടക്കാരനായ അതുല്‍. മംഗോളിയക്കാരനായ സോഗ്ഗറല് നിയംഗറലുമായി സെമി ഫൈനലില്‍ 51 കിലോവിഭാഗത്തിലായിരുന്നു മത്സരം.
മൂന്നു പോയിന്റുകള്‍ക്കാണ് ഫൈനലിലേക്ക് മത്സരിക്കാനുള്ള അവസരം അതുലിന് നഷ്ടമായത്. പെരിന്തല്‍മണ്ണ പൂപ്പലം ബോക്സിംഗ് ക്ലബായ ബുഷിഡോയിലെ വിദ്യാര്‍ഥിയാണ് അതുല്‍. ഗുരുവായ ഫഹദിന്റെ ശിക്ഷണത്തില്‍ എട്ടുവര്‍ഷമായി പരിശീലനം നേടുന്നു. മേലോട്ടുംകാവ് സ്വദേശിയായ അതുല്‍ മങ്കട ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥിയും വൈക്കോത്തൊടി പ്രഭാകരന്-പ്രീത ദമ്പതിമാരുടെ മകനുമാണ്. 2019ല്‍ നടന്ന സൗത്ത് ഇന്ത്യന്‍ മുവായ് തായ് ചാമ്പ്യന്‍ഷിപ്പിലെയും 2023ല്‍ നടന്ന യുഎംഐ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലെയും മെഡല്‍ ജേതാവായിരുന്നു അതുല്‍.