ആധുനിക സാങ്കേതികവിദ്യ സർക്കാർ മേഖലയിൽ പൂർണമായും ഉപയുക്തമാക്കണം: ജില്ലാ കളക്ടർ
1483777
Monday, December 2, 2024 5:06 AM IST
പുലാമന്തോൾ: പുതിയ കാലഘട്ടത്തിൽ വളർന്നു വികസിച്ച പുത്തൻ സാങ്കേതിക വിദ്യകളെ പൊതു സമൂഹത്തിന് ഉപകാരപ്രദമാകുന്ന തരത്തിൽ സർക്കാർ സേവന മേഖലകളിൽ നടപ്പിലാക്കണമെന്ന് ജില്ലാ കളക്ടർ വി. ആർ വിനോദ് പറഞ്ഞു. പുലാമന്തോൾ കൺവൻഷൻ ഹാളിൽ കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷ(കെആർഡിഎസ്എ)ന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളായി നടക്കുന്ന സംസ്ഥാന പഠന ക്യാമ്പിൽ "ഭരണ നിർവഹണത്തിന്റെ ആധുനിക കാഴ്ചപ്പാടുകൾ" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. "റവന്യൂ വകുപ്പ് ചരിത്രം - വർത്തമാനം' എന്ന വിഷയത്തിൽ ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ക്ലാസ് നയിച്ചു.
തുടർന്ന് "കാവലും കരുതലും ജീവിതത്തിൽ' എന്ന വിഷയത്തിൽ ഡോ. വി. സുനിൽരാജ് ക്ലാസെടുത്തു. കെആർഡിഎസ്എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. പി. സുമോദ്, സംസ്ഥാന സെക്രട്ടറി എ. ഗ്രേഷ്യസ് എന്നിവർ ക്യാമ്പ് ലീഡർമാരും വനിതാ കമ്മിറ്റി സംസ്ഥാന സെക്രട്ടറി ബി. സുധർമ്മ, സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ. അനീഷ് എന്നിവർ ക്യാമ്പ് ഡെപ്യൂട്ടി ലീഡർമാരുമായാണ് ക്യാമ്പ് നടപടികൾ നടന്നത്. കെആർഡിഎസ്എ സംസ്ഥാന പ്രസിഡന്റ് പി. ശ്രീകുമാർ, ജനറൽ സെക്രട്ടറി എം.എം. നജീം, ട്രഷറർ ജെ. ഹരിദാസ്, സംസ്ഥാന സെക്രട്ടറി വി.എച്ച് ബാലമുരളി, സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡി. ബിനിൽ എന്നിവർ സംസാരിച്ചു.