മലപ്പുറം റവന്യൂ ജില്ലാ കലോത്സവം : ഹയര്‍ സെക്കന്‍ഡറി വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പികെഎംഎം എടരിക്കോടിന്
1483774
Monday, December 2, 2024 5:06 AM IST
മലപ്പുറം: റവന്യൂ ജില്ലാ കലോത്സവത്തില്‍ 138 പോയിന്റുകള്‍ കരസ്ഥമാക്കി ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എടരിക്കോട് പികെഎംഎംഎച്ച്എസ്എസ് ഓവറോള്‍ കിരീടം കരസ്ഥമാക്കി.പങ്കെടുത്ത 33 ഇനങ്ങളില്‍ 11 ഇനങ്ങളില്‍ ഒന്നാം സ്ഥാനത്തോടെ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടി. ഇതിന് പുറമെ 15 ഇനങ്ങളില്‍ എ ഗ്രേഡും നേടിയാണ് വിദ്യാലയം ഈ മികച്ച നേട്ടം കൈവരിച്ചത്.11 ഇനങ്ങളിലായി 38 കുട്ടികളടങ്ങുന്ന ടീമാണ് സംസ്ഥാന കലോത്സവത്തിന് തയാറെടുക്കുന്നത്.
മാനേജ്മെന്റ്, പിടിഎ, അധ്യാപക-അനധ്യാപക ജീവനക്കാര്‍ എന്നിവരുടെ നിറഞ്ഞ പിന്തുണയോടെയും കൃത്യതയോടെയുമുള്ള പരിശീലനങ്ങള്‍ക്ക് ശേഷമാണ് ഓരോ ഇനവും വേദിയില്‍ എത്തുന്നത്. ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 16-ാം തവണയാണ് സ്കൂള്‍ ഈ നേട്ടം കൈവരിക്കുന്നത്.
ഇന്ന് വൈകുന്നേരം മൂന്നിന് സ്കൂളില്‍ നടക്കുന്ന അനുമോദന ചടങ്ങില്‍ ഹയര്‍സെക്കൻഡറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി. എം. അനില്‍, ജില്ലാ പഞ്ചായത്ത് അംഗം ടി.പി.എം. ബഷീര്‍, എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസുലുദ്ദീന്‍ തയ്യില്‍, നടന് ഹേമന്ത് മേനോന് തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. അബ്ദുള്‍ ഫത്താഹ്, സി. അനീഷ് , കെ. സുബൈര്‍, ഇഷ്റത്ത് സബാഹ് ഉൾപ്പെടെയുള്ള അധ്യാപകരുടെ ടീമാണ് സ്കൂളിന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.