വണ്ടൂരിലും എടവണ്ണയിലും വന്‍ ജനക്കൂട്ടം; ആയിരങ്ങളോട് നന്ദി പറഞ്ഞ് പ്രിയങ്ക
1483572
Sunday, December 1, 2024 6:23 AM IST
വണ്ടൂര്‍: ഉജ്വല വിജയം നല്കിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാന്‍ വണ്ടൂരിലും എടവണ്ണയിലുമെത്തിയത് ആയിരങ്ങള്‍. വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി മലപ്പുറം ജില്ലയിലെ മണ്ഡലത്തിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് ആവേശം നിറഞ്ഞ വരവേല്‍പ്പാണ് ഇരുസ്ഥലങ്ങളിലും ലഭിച്ചത്. തങ്ങളുടെ എംപിയെ കാണാനും അഭിവാദ്യം ചെയ്യാനും ആയിരക്കണക്കിന് ആളുകളാണ് വണ്ടൂരിലെത്തിയത്.
വയനാട് ദുരന്തത്തെ ജനങ്ങള്‍ അതിജീവിച്ചത് കരുത്തും പ്രതീക്ഷയും കൈമുതലാക്കിയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട് ജില്ലയിലെ ചെറിയ പ്രദേശത്ത് മാത്രമാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചതെന്ന് ലോകം അറിയണം.
വയനാട്ടിലെ വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തണം. വയനാട് മണ്ഡലത്തിലെ ജനങ്ങളുടെ ഓരോ പ്രശ്നങ്ങളെകുറിച്ചും അവരില്‍ നിന്ന് ആഴത്തില്‍ നേരിട്ട് മനസിലാക്കണം. രാത്രിയാത്ര നിരോധനം, വന്യജീവി ആക്രമണം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യും. ജനങ്ങള്‍ക്ക് വേണ്ടി കഠിനമായി പോരാടുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
"നിങ്ങളുടെ ജനപ്രതിനിധിയായി പാര്‍ലമെന്റില്‍ ഇരിക്കാനുള്ള അവസരത്തെ അഭിമാനമായും ആദരവായും കാണുന്നു. ഒരു വ്യക്തിക്ക് മണ്ഡലത്തിന് വേണ്ടി, അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി എത്രമാത്രം കഠിനാധ്വാനം ചെയ്യാന്‍ പറ്റുമെന്ന് അടുത്ത അഞ്ചുവര്‍ഷം കൊണ്ട് താന്‍ തെളിയിച്ചു തരും. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സമൂഹത്തിലെ വിവിധ മേഖലകളിലെ ആളുകളുമായി സംവദിച്ചു. ഫുട്ബോള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് കുട്ടികളെ കണ്ടു. വയനാട്ടിലെ ജനങ്ങള്‍ തന്നെ സ്നേഹിക്കുന്നത് പോലെ താന്‍ അവരെയും സ്നേഹിക്കുന്നുവെന്ന് അടുത്ത അഞ്ചുവര്‍ഷം കൊണ്ട് മനസിലാകുമെന്നും' പ്രിയങ്ക ഗാന്ധി പറഞ്ഞു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി. അനില്‍കുമാര്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് കുഞ്ഞാപ്പുഹാജി, കെ.സി. കുഞ്ഞഹമ്മദ്, കെപിസിസി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല, കെപിസിസി അംഗം കെ.ടി. അജ്മല്‍, ഡിസിസി ജനറല്‍ സെക്രട്ടറി എന്‍.എ. മുബാറഖ് എന്നിവര്‍ പ്രസംഗിച്ചു. എടവണ്ണയിലെ പരിപാടിയില്‍ പി.കെ. ബഷീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി, എ.പി. അനില്‍കുമാര്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, യുഡിഎഫ് ജില്ലാ ചെയര്മാന് പി.ടി. അജയമോഹന്, നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് ഗഫൂര്‍ കുറുമാടന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. അബ്ദുള്ളക്കുട്ടി, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.പി. സഫറുള്ള, ഡിസിസി ജനറല്‍ സെക്രട്ടറി അജീഷ് എടാലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.