മഞ്ചേരി മെഡിക്കല്‍ കോളജില്‍ രാത്രികാല പോസ്റ്റ്മോര്‍ട്ടത്തിന് തടസമില്ല
1483571
Sunday, December 1, 2024 6:23 AM IST
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രാത്രികാല പോസ്റ്റ്മോര്‍ട്ടം 2024 ഒക്ടോബര്‍ ഒന്ന് മുതല്‍ തുടരുന്നുണ്ടെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ജില്ലാ വികസനസമിതി യോഗത്തില്‍ അറിയിച്ചു. എംഎല്‍എമാരായ അഡ്വ. യു.എ. ലത്തീഫ്, പി. അബ്ദുള്‍ ഹമീദ് എന്നിവരാണ് ഇതുസംബന്ധിച്ച വിശദീകരണം വികസനസമിതി യോഗത്തില്‍ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും നിലവില്‍ രാത്രി എട്ടു മണി വരെ നടക്കുന്ന പോസ്റ്റ്മോര്‍ട്ടം തുടരുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
നിലവിലുള്ള ഡോക്ടര്‍മാര്‍ക്ക് അക്കാഡമിക് കാര്യങ്ങള്‍, പരീക്ഷ നടത്തിപ്പ്, കോടതി ഡ്യൂട്ടി എന്നിങ്ങനെ ജോലിഭാരം കൂടുതലാണെന്നും അതിനാല്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു.
പൊന്നാനിയില്‍ കൃഷിവകുപ്പ് മുഖേന നല്കിയ മുളയ്ക്കാത്ത നെല്‍വിത്തിന് പകരം വിത്ത് കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്നും നഷ്ടപരിഹാരം ലഭിക്കാന്‍ കര്‍ഷകര്‍ വിത്ത് തിരിച്ചുനല്‍കണമെന്ന കൃഷിവകുപ്പിന്റെ വാദം വിചിത്രമാണെന്നും പി. നന്ദകുമാര്‍ എംഎല്‍എ പറഞ്ഞു. വിതച്ച വിത്ത് കര്‍ഷകര്‍ എങ്ങനെ തിരിച്ചുനല്‍കും എന്നായിരുന്നു എംഎല്‍എയുടെ ചോദ്യം.
വിത്ത് മുളച്ചില്ലെന്ന് കൃഷി ഓഫീസര്‍ സാക്ഷ്യപ്പെടുത്തി നല്കിയാല് പകരം വിത്ത് നല്കാന് നടപടി സ്വീകരിക്കണമെന്ന് ജില്ലാകളക്ടര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് നിര്‍ദേശം നല്കി. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ചയടയ്ക്കുന്ന പ്രവൃത്തികള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും നന്ദകുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. കൃഷിയെയും കുടിവെള്ളവിതരണത്തെയും ഇത് ബാധിക്കുന്നുണ്ട്. മഴക്കാലം തുടങ്ങും മുമ്പ് ചോര്‍ച്ചയടക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രവൃത്തി വീണ്ടും നീണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ രോഗികളോട് മോശമായി പെരുമാറുകയും ചികിത്സ നിഷേധിക്കുകയും ചെയ്ത സംഭവത്തില്‍ ഡോക്ടര്‍ക്കെതിരേ എന്ത് നടപടി സ്വീകരിച്ചുവെന്ന കാര്യത്തില്‍ കെ.പി.എ. മജീദ് എംഎല്‍എ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആരാഞ്ഞു. വിഷയത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എംസിഎഫിനായി കണ്ടെത്തിയ 20 സെന്റ് സ്ഥലം ഏറ്റെടുത്ത് നല്കാന് സാങ്കേതിക തടസങ്ങളില്ലെന്നും ഭൂമി എത്രയും വേഗം ലഭ്യമാക്കുമെന്നും ജില്ലാ കളക്ടര്‍ കെ.പി.എ. മജീദ് എംഎല്‍എയെ അറിയിച്ചു.
സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ ദേശീയപാത നിര്‍മാണ അഥോറിറ്റി വലിയ വീഴ്ച വരുത്തുന്നുവെന്ന് പി. അബ്ദുള്‍ ഹമീദ് എംഎല്‍എ പറഞ്ഞു. നിരവധി പേരുടെ ജീവന് പൊലിയാനിടയാകുന്ന അവസ്ഥയ്ക്ക് ഉടന്‍ പരിഹാരം കാണണം. ദേശീയപാതയിലെ ഡ്രൈനേജ് ഔട്ട്ലെറ്റ് വഴി വീടുകളിലേക്ക് വെള്ളം കയറുന്ന പ്രശ്നം നിരവധി തവണ ഉന്നയിച്ച കാര്യവും എംഎല്‍എ ഓര്‍മിപ്പിച്ചു. ദേശീയപാത-66ല്‍ നിന്ന് പരപ്പനങ്ങാടി റോഡിലേക്ക് തിരിയുന്ന ഭാഗത്തെ ഗതാഗതക്കുരുക്ക് തീര്‍ക്കുന്നതിന് അടിയന്തര നടപടി വേണം.
പണി പൂര്‍ത്തിയായ ഭാഗങ്ങള്‍ ഉടന്‍ തുറന്നുകൊടുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലാ പ്ലാനിംഗ് സെക്രട്ടറിയറ്റ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ വി.ആര്. വിനോദ് അധ്യക്ഷത വഹിച്ചു. തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര, അസിസ്റ്റന്റ് കളക്ടര്‍ വി.എം. ആര്യ, നഗരസഭാ അധ്യക്ഷര്‍, എഡിഎം സി.മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ഡി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.