ശുചീകരണ തൊഴിലാളികളെ മറക്കാതെ സംഘാടക സമിതി
1483568
Sunday, December 1, 2024 6:23 AM IST
കോട്ടയ്ക്കല്‍: കഴിഞ്ഞ അഞ്ച് ദിനങ്ങളിലായി ജില്ലയിലെ കലാപ്രതിഭകള്‍ അണിനിരന്ന കോട്ടയ്ക്കല്‍ രാജാസ് സ്കൂളിലെ കലോത്സവവേദി ഭംഗിയായും വൃത്തിയായും സൂക്ഷിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച കോട്ടയ്ക്കല്‍ നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ സംഘാടകസമിതി ആദരിച്ചു.
ആയിരക്കണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും എത്തിയ കലോത്സവത്തില്‍ ഓരോ ദിവസവും പുലര്‍ച്ചെ മുതല്‍ വേദിയും ഹാളുകളും ഭക്ഷണപന്തലും സ്കൂള്‍ പരിസരവും വൃത്തിയാക്കിയത് കരാര്‍ തൊഴിലാളികളടക്കമുള്ള ശുചീകരണ തൊഴിലാളികളാണ്.
സ്കൂള്‍ പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ അഹോരാത്രം പ്രയത്നിച്ച ശുചീകരണ തൊഴിലാളികളെയാണ് സംഘടക സമിതി ആദരിച്ചത്. ഡിഡിഇ കെ.പി. രമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി കണ്‍വീനര്‍ ഫസല്‍ തങ്ങള്‍ പ്രസംഗിച്ചു. കോട്ടയ്ക്കല്‍ നഗരസഭ അധ്യക്ഷ ഡോ. കെ. ഹനീഷ സമ്മാനങ്ങള്‍ വിതരണം ചെയ്തു.