വേദികള്‍ ഇന്ന് ചിലങ്കയഴിക്കും....
1483221
Saturday, November 30, 2024 4:49 AM IST
കോട്ടയ്ക്കല്‍: കലയുടെ വേദികളില്‍ നിന്ന് നൂപുരധ്വനികള്‍ ഇന്ന് വിടപറയും. ജില്ലാ സ്കൂള്‍ കലോത്സവം അവസാന നാളിലേക്ക് കടക്കുമ്പോള്‍ കിരീടത്തിനു വേണ്ടിയുള്ള മത്സരം മുറുകുകയാണ്. കലോത്സവത്തില്‍ 276 ഇനങ്ങളുടെ മത്സരം പൂര്‍ത്തിയായപ്പോള്‍ 721 പോയിന്റുമായി മലപ്പുറം ഉപജില്ല ഒന്നാമതും 704 പോയിന്റുമായി വേങ്ങര ഉപജില്ല രണ്ടാമതും 700 പോയിന്റുമായി മങ്കട ഉപജില്ല മൂന്നാമതുമായി മുന്നേറുന്നു. യുപി വിഭാഗം 144 പോയിന്റുമായി പെരിന്തല്‍മണ്ണ ഉപജില്ലയും ഹൈസ്കൂള്‍ വിഭാഗത്തില്‍ 301 പോയിന്റുമായി മങ്കട ഉപജില്ലയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 327 പോയിന്റുമായി മലപ്പുറം ഉപജില്ലയും മുന്നേറ്റം തുടരുന്നു.
സംസ്കൃതം യുപി വിഭാഗം 93 പോയിന്റുമായി മേലാറ്റൂര്‍ ഉപജില്ലയും ഹൈസ്കൂള്‍ 88 പോയിന്റുമായി മേലാറ്റൂര്‍ ഉപജില്ലയും ഒന്നാം സ്ഥാനത്ത് തുടരുന്നു. അറബി യുപി വിഭാഗം 60 പോയിന്റുമായി പെരിന്തല്‍മണ്ണ, മലപ്പുറം, അരീക്കോട്, കുറ്റിപ്പുറം കിഴിശേരി ഉപജില്ലകള്‍ തമ്മില്‍ കടുത്ത മത്സരം നടക്കുന്നു. അറബി ഹൈസ്കൂള്‍ 90 പോയിന്റുമായി മങ്കട ഉപജില്ല ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. സ്കൂള്‍ വിഭാഗത്തില്‍ (ഓവര്‍ ഓള്) സിഎച്ച്എംഎച്ച്എസ്എസ് പൂക്കൊളത്തൂര്‍ 216 പോയിന്റുമായി ഒന്നാം സ്ഥാനത്തും 208 പോയിന്റുമായി ആര്‍എംഎച്ച്എസ് മേലാറ്റൂര്‍ രണ്ടാം സ്ഥാനത്തും 175 പോയിന്റുമായി ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മഞ്ചേരി മൂന്നാംസ്ഥാനത്ത് മുന്നിട്ടു നില്ക്കുന്നു.