മിമിക്രിയിലൂടെ യുദ്ധക്കെടുതി തുറന്നുകാട്ടി ഫാസ്
1483220
Saturday, November 30, 2024 4:49 AM IST
കോട്ടയ്ക്കല്‍: ജില്ലാ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മിമിക്രി മത്സരത്തില്‍ യുദ്ധക്കെടുതി തുറന്നുകാട്ടി പി.വി.സി. ഫാസ് എന്ന ഒമ്പതാംക്ലാസുകാരന് സ്റ്റാറായി. പുളിക്കല്‍ എഎംഎംഎച്ച്എസിലെ വിദ്യാര്‍ഥിയായ ഫാസ് സ്കൂളിലെ തന്നെ ക്ലാര്‍ക്കും കലാകാരനുമായ റഫീഖ് പുളിക്കലിന്റെ ശിക്ഷണത്തിലാണ് ഒന്നാംസ്ഥാനവും സംസ്ഥാന യോഗ്യതയും നേടിയത്. കഴിഞ്ഞ വര്‍ഷം അപ്പീലിലൂടെ സംസ്ഥാനതലത്തില്‍ മത്സരിച്ച ഫാസ് എ ഗ്രേഡ് നേടിയിരുന്നു. ഇത്തവണ വ്യത്യസ്തത കൊണ്ട് മിന്നുകയായിരുന്നു ഫാസ്.
നാടന്‍ മുട്ടും വിദേശ കൊട്ടും ജലതാളം അഥവാ ജീവതാളം, സിംഹം, കുരങ്ങന്, മരങ്ങള്‍ മുറിക്കുന്ന ശബ്ദം, കാട് വിട്ട് നാട്ടിലേക്ക് ഇറങ്ങിയ അരിക്കൊമ്പന്, ആദ്യകാല യോദ്ധാക്കളുടെ വാഹനമായ കുതിര, റേസ് ബൈക്ക്, സ്കൂട്ടര്‍, കാര്‍ സ്റ്റാര്‍ട്ടിംഗ്, കാര്‍ റേസിംഗ്, ഇറാന് ഇസ്രായേലിന് നേരെ നടത്തുന്ന യുദ്ധത്തിന്റെ നേര് ആവിഷ്കാരം, ഒടുവില്‍ ഗാസയില്‍ വെടിവയ്പിനിടയില്‍ കരയുന്ന കുഞ്ഞിന്റെ ശബ്ദത്തോടെ പ്രകടനം അവസാനിച്ചപ്പോള്‍ വേദിയില്‍ കരഘോഷം മുഴങ്ങി.
ഫാസിന്റെ കഴിവ് തിരിച്ചറിഞ്ഞ സ്കൂള്‍ അധികൃതര്‍ കൂടുതല്‍ പരിശീലനം നല്‍കുകയായിരുന്നു. അഭിനയരംഗത്ത് സജീവമായ റഫീഖ് പുളിക്കല്‍ അഭിനയിച്ച ജമീലാന്റെ പൂവന്‍കോഴി എന്ന പടത്തിന്റെ റിലീസും ഇന്നലെയായതിനാല് സന്തോഷം ഇരട്ടിയായി. ഇതുവരെ ആറു കുട്ടികളെ സംസ്ഥാനതലത്തില്‍ എത്തിച്ചതിന്റെ അഭിമാനത്തിലാണ് റഫീഖ്.