അനുകരണ കലയില്‍ വിജയ തുടര്‍ച്ചയുമായി അബാന്‍ അഷ്റഫ്
1483219
Saturday, November 30, 2024 4:49 AM IST
കോട്ടയ്ക്കല്‍: കലാഭവന്‍ അഷ്റഫിന്റെ കുടുംബത്തിന് മിമിക്രി വീട്ടുകാര്യമാണ്. മകള്‍ ബിന്ഷക്കു പിന്നാലെ മകന് അബാനും കലോത്സവ വേദിയിലെ മിമിക്രിയിലൂടെ ശ്രദ്ധേയനാവുകയാണ്. ജില്ലാ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ മിമിക്രിയില്‍ കടകശേരി ഐഡിയല്‍ സ്കൂളിലെ അബാന്‍ അഷ്റഫ് ഒന്നാം സ്ഥാനം നേടി.
തുടര്‍ച്ചയായി മൂന്നാം തവണയാണ് അബാന്‍ അഷ്റഫ് സംസ്ഥാന തലത്തിലേക്ക് ഈയിനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ച്ചയായി അഞ്ചു തവണ സംസ്ഥാന കലോത്സവത്തില്‍ പെണ്‍കുട്ടികളുടെ മിമിക്രി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബിന്‍ഷ അഷ്റഫിന്റെ സഹോദരനാണ് അബാന്‍.
പൊന്നാനി സ്വദേശിയും പ്രശസ്ത മിമിക്രി കലാകാരനുമായ കലാഭവന്‍ അഷ്റഫിന്റെയും അധ്യാപിക ബുഷ്റയുടെയും മകനുമായ അബാന്‍ അഷ്റഫ് ശബ്ദാനുകരണ കലയില്‍ സദസിനെ ഹരം കൊള്ളിച്ചു. "ജയിലര്‍’ സിനിമയുടെ പശ്ചാത്തലത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെയും വിനായകനെയും അനുകരിച്ചാണ് അബാന്‍ കൈയടി നേടിയത്. കൂടെ കമല്‍ഹാസനും കടന്നുവന്നു.
പൂരപ്പറമ്പിലെ വിവിധ ശബ്ദഘോഷങ്ങള്‍ അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടിയ ഈ കലാകാരന് ഐഡിയല്‍ ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. നേരത്തെ നടന്ന എച്ച്എസ്എസ് പരിചമുട്ടില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അബാന്‍ ഇരട്ടനേട്ടവുമായാണ് സംസ്ഥാന കലോത്സവത്തിനായി തിരുവനന്തപുരത്തേക്ക് പോകാന്‍ ഒരുങ്ങുന്നത്.പിതാവ് കലാഭവന്‍ അഷ്റഫ് രണ്ട് തവണ സംസ്ഥാന കലോത്സവത്തിലും കാലിക്കട്ട് സര്‍വകലാശാല ഇന്റര്‍സോണിലും വിജയിയാണ്. മക്കളുടെ ഗുരുവും അഷറഫ് തന്നെയാണ്. ഭര്‍ത്താവിന്റെയും മക്കളുടെയും അനുകരണ കലയില്‍ സര്‍വപിന്തുണയുമായി അധ്യാപികയായ ബുഷ്റ കൂടെയുണ്ട്.