അനിരുദ്ധ് കൊട്ടികയറിയത് ഒന്നാംസ്ഥാനത്തേക്ക്
1483218
Saturday, November 30, 2024 4:49 AM IST
കോട്ടയ്ക്കല്‍: ചെണ്ടയുടെ പ്രിയതാളം തീര്‍ത്ത് അനിരുദ്ധ് മാരാര്‍ കൊട്ടിക്കയറിയപ്പോള്‍ അത് ആസ്വാദകരും ഏറ്റുപിടിച്ചു. മത്സരഫലം വന്നപ്പോള്‍ അനിരുദ്ധിന് ഒന്നാംസ്ഥാനം. ജില്ലാ കലോത്സവത്തിലാണ് അനിരുദ്ധ് എ. മരാര് തായമ്പകയില്‍ മികവ് തെളിയിച്ചത്. കഴിഞ്ഞ വര്‍ഷവും തായമ്പകയില്‍ ജില്ലയില്‍ ഒന്നാമതും സംസ്ഥാനത്ത് എ ഗ്രേഡും കരസ്ഥമാക്കിയിരുന്നു. മാറാക്കര എടക്കുട മാരാത്ത് അനില്‍ കുമാറിന്റെയും രശ്മിയുടെയും മകനാണ് അനിരുദ്ധ് മാരാര്‍.
അച്ഛന് അനില്‍കുമാര്‍ കോട്ടക്കല്‍ ആര്യവൈദ്യശാല ജീവനക്കാരനും കാടാമ്പുഴ ഭഗവതി ക്ഷേത്രം അടക്കം നിരവധി ക്ഷേത്രങ്ങളിലെ അടിയന്തര വാദ്യക്കാരനുമാണ്. അപ്പൂപ്പന് 86 വയസുകാരനായ ഗോവിന്ദന്‍കുട്ടി മാരാര്‍ കാടാമ്പുഴ ക്ഷേത്രത്തില്‍ സോപാന സംഗീതജ്ഞനാണ്. മണ്ണാര്‍ക്കാട് മോഹനനാണ് അനിരുദ്ധിനെ ചെണ്ടവാദ്യം അഭ്യസിപ്പിക്കുന്നത്.
കൂടാതെ വീട്ടില്‍ അച്ഛന്റെ ചിട്ടയായ പരിശീലനവും കൂടിയാണ് ഈ വിജയം. തൃത്താല കേശവപ്പെതുവാള് അച്ഛന്റെ അമ്മാവനും പോരൂര്‍ ഹരിദാസ് അനിരുദ്ധിന്റെ വല്യച്ഛനുമാണ്. അച്ഛന്റെ സഹോദരി അരുണ ആര്. മാരാര്‍ നര്‍ത്തകിയും കോട്ടക്കലില്‍ നൃത്തവിദ്യാലയം നടത്തിവരുന്നു.