നടന വൈഭവമുമായി പ്രാര്‍ഥന
1483217
Saturday, November 30, 2024 4:49 AM IST
കോട്ടക്കല്‍: ചേച്ചിയുടെ പാത പിന്തുടര്‍ന്ന പ്രാര്‍ഥനയ്ക്ക് ഹയര്‍സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ട മത്സരത്തില്‍ മികച്ച വിജയം. നിലമ്പൂര്‍ പാലേമാട് എസ്വിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനി എം.പി. പ്രാര്‍ഥനയ്ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനമാണ് ലഭിച്ചത്. അഞ്ചാംക്ലാസ് മുതലാണ് പ്രാര്‍ഥന മത്സരത്തിനിറങ്ങിയത്.
ആറാം വയസില്‍ അരങ്ങേറ്റം കുറിച്ചു. ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം എന്നിവയില്‍ സംസ്ഥാനതല സ്കൂള്‍ മത്സരങ്ങളില്‍ മികവ് തെളിയിച്ച സഹോദരി എം.പി. പ്രതിഭയായിരുന്നു മാര്‍ഗദര്‍ശി. തുടക്കം മുതല്‍ ചേച്ചി പ്രതിഭയായിരുന്നു പരിശീലിപ്പിച്ചിരുന്നത്. പിന്നീട് വണ്ടൂര്‍ നൂപുര ഡാന്‍സ് അക്കാഡമിയിലെ ഗിരീഷ് നടുവത്തിന്റെ കീഴിലായിരുന്നു പഠനം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും വിജയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം അപ്പീലിലൂടെ മത്സരിച്ച് സംസ്ഥാന തലത്തില്‍ എ ഗ്രേഡ് ലഭിച്ചു. മഹാഭാരതത്തിലെ കഥാപാത്രമായ ഉത്തരയും അഭിമന്യുവും തമ്മിലുള്ള പ്രണയവും വിവാഹവും തുടര്‍ന്നുള്ള സംഭാഷണവും അഭിമന്യു മരിച്ച ശേഷം ഉത്തരയുടെ പ്രയാസങ്ങളും സങ്കടങ്ങളുമാണ് പശ്ചാത്തലം. പാലേമാട് പ്ലസ്ടു വിദ്യാര്‍ഥിനിയായ പ്രാര്‍ഥന വണ്ടൂര്‍ കാരാട് മംഗലത്ത് പ്രദീപ്കുമാര്‍-വനജ ദമ്പതിമാരുടെ മകളാണ്.