നാടകത്തില്‍ മികച്ച നടനായി ശരത്
1483216
Saturday, November 30, 2024 4:49 AM IST
കോട്ടയ്ക്കല്‍: സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സര്‍ "തൊപ്പി’യുടെ കഥ പറഞ്ഞ ഹൈസ്കൂള്‍ വിഭാഗം നാടകമായ "പിത്തോ’ ജില്ലാ കലോത്സവത്തില്‍ നിറഞ്ഞ സദസില്‍ കളിച്ചു.
ഇരിമ്പിളിയം ഗവണ്മെന്റ് ഹൈസ്കൂളില്‍ നിന്ന് വന്ന നാടകം, സമൂഹം തോല്‍പ്പിച്ചവരുടെ കഥകള്‍ തമാശയും കരച്ചിലും കൂട്ടിച്ചേര്‍ത്ത് അവതരിപ്പിച്ചപ്പോള്‍ കൈയടികളോടെയാണ് സദസ് നാടകത്തെ സ്വീകരിച്ചത്.
"തൊപ്പി’കള്‍ സമൂഹത്തില്‍ നായകന്മാരായി മാറുന്നതിന്റെയും വളര്‍ന്നുവരുന്ന തലമുറ ഇവരെ അനുകരിക്കുന്നതിന്റെയും അപകടം വിളിച്ചോതിയപ്പോള്‍ തൊപ്പികളെ സൃഷ്ടിച്ചെടുക്കുന്നത് നമ്മള് ഓരോരുത്തരും തന്നെയാണെന്നും പറഞ്ഞാണ് നാടകം ശ്രദ്ധ പിടിച്ചുപറ്റിയത്.
സമൂഹം തോറ്റവരെന്ന് മുദ്രകുത്തിയവരെ വീണ്ടും തോല്‍പ്പിക്കുന്നതും നമ്മള് തന്നെയാണെന്ന് പറഞ്ഞ് നാടകം വിരല്‍ ചൂണ്ടിയത് നിറഞ്ഞ സദസിലേക്കായിരുന്നു. പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നാടകത്തില്‍ മികച്ച
നടനെ സൃഷ്ടിക്കാന്‍ ഈ നാടകത്തിനു കഴിഞ്ഞു. തൊപ്പിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച എം.കെ. ശരത്ത് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഇരിമ്പിളിയം ഗവണ്മെന്റ് ഹൈസ്കൂളിലെ പത്താംതരം വിദ്യാര്‍ഥിയാണ് ശരത്. ഇരിമ്പിളിയം പുറമണ്ണൂര്‍ സ്വദേശിയായ വേണുഗോപാലിന്റെയും അധ്യാപികയായ കെ.വി. ശ്രീജയുടെയും മകനാണ്.