മാര്‍ഗംകളിയില്‍ മിന്നിത്തിളങ്ങി സെന്റ് ജെമ്മാസ്
1483215
Saturday, November 30, 2024 4:49 AM IST
കോട്ടയ്ക്കല്‍: ഹൈസ്കൂള്‍ മാര്‍ഗംകളിക്ക് ശേഷം നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ മാര്‍ഗംകളിയിലും മലപ്പുറം സെന്റ് ജെമ്മാസ് സ്കൂളിന് തന്നെ ഒന്നാം സ്ഥാനം. വേദി രണ്ടിലാണ് മാര്‍ഗംകളി അരങ്ങേറിയിരുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ മത്സരം തുടര്‍ന്നുകൊണ്ടിരിക്കെ വേദിയുടെ പിറകുവശത്തുവച്ച് മത്സരാര്‍ഥികളായ നിയ, അനഘ എന്നിവരുടെ കാലില്‍ കടന്നല് കുത്തുകയായിരുന്നു. കടുത്ത വേദന അനുഭവപ്പെട്ടതോടെ കുട്ടികള്‍ കരയാന്‍ തുടങ്ങി.
തുടര്‍ന്ന് അധ്യാപകരും രക്ഷിതാക്കളും സംഘാടകരും മത്സരാര്‍ഥികളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ഉടനെ മെഡിക്കല്‍ സംഘമെത്തി മത്സരാര്‍ഥികളെ ആംബുലന്‍സില്‍ കയറ്റി മെഡിക്കല്‍ റൂമിലേക്ക് മാറ്റി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വേദന സംഹാരി നല്കി. ബിപി പരിശോധിച്ചപ്പോള്‍ കുറവായിരുന്നു.
ഇതോടെ മാനസിക സംഘര്‍ഷത്തിലായ കുട്ടികളെ ഇഞ്ചക്ഷന് വയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ തങ്ങളുടെ അവസരം നഷ്ടമാകുമെന്ന ആശങ്കയിലായിവിദ്യാര്ഥിനികള്. മത്സരശേഷം ഇഞ്ചക്ഷന് ചെയ്യാമെന്ന് പറഞ്ഞ് അവര്‍ വേദിയിലെത്തുകയായിരുന്നു.വേദന കടിച്ചമര്‍ത്തി അവര്‍ താളബോധം വീണ്ടെടുത്ത് മത്സരിച്ച് ഒന്നാം സ്ഥാനം നേടുകയായിരുന്നു.കെ.അക്ഷയ, പുഷ്പലത, പ്രാര്‍ഥന, ജുവല്‍, ദേവിക എന്നിവരാണ് മറ്റു മത്സരാര്‍ഥികള്‍. കടുത്ത വേദനക്കിടയിലും ചുവടുതെറ്റാത കളിച്ച് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ ആഹ്ലാദത്തിലാണ് വിദ്യാര്‍ഥികള്‍.