അപ്പീലിലൂടെ കലോത്സവത്തിനെത്തി വട്ടപ്പാട്ടില്‍ ഒന്നാമതായി
1482964
Friday, November 29, 2024 5:55 AM IST
കോട്ടക്കല്‍: അപ്പീലിലൂടെ കലോത്സവത്തിനെത്തി വട്ടപ്പാട്ടില്‍ ഒന്നാമതെത്തി. ഹൈസ്കൂള്‍ വിഭാഗം വട്ടപ്പാട്ട് മത്സരത്തില്‍ ചേറൂര് പിപിടിഎംവൈഎച്ച്എസാണ് ഒന്നാം സ്ഥാനം നേടിയത്.
നേരത്തെ നടന്ന വേങ്ങര ഉപജില്ല കലോത്സവത്തിലെ വിധിയിലെ അപാകത ആരോപിച്ച് അപ്പീലിലൂടെയാണ് മത്സരത്തിനെത്തിയത്. ആറുമാസത്തെ പരിശീലനത്തെ തുടര്‍ന്നാണ് മത്സരത്തിലെത്തിയത്. പ്രമുഖ മാപ്പിളപ്പാട്ട് രചയിതാവ് നാസര്‍ മേച്ചേരിയുടെ വരികള്‍ക്ക് ഷെഫീഖ് പാങ്ങ്, എ.എം. ചെറുവാടി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തിയത്.
എ.എം. ചെറുവാടി വയനാട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം രചിച്ചിട്ടുണ്ട്.
പ്രവാചകന് മുഹമ്മദ് നബിയുടെയും ഖദീജ ബീവിയുടെയും കല്യാണത്തിന്റെ പശ്ചാത്തലമായിരുന്നു പ്രമേയം. മുഹമ്മദ് അന്‍ഷിദ് അലി, മുഹമ്മദ് റാസിന്, ഷാഹിദ് അദനന്‍, റെനിം മുഹമ്മദ്, ഷെഫിന് മുഹമ്മദ്, മുഹമ്മദ് മെഹനൂന്, എന്‍.കെ. മിഷല്‍, മുഹമ്മദ് ഷാന്‍, അംജത്ത്, ഷെഫിന് മുഹമ്മദ് എന്നിവരാണ് ടീമംഗങ്ങള്‍.
മംഗലം കളിയില്‍ അപ്പീല്‍
വിധിയിലൂടെ ഒന്നാം സ്ഥാനം നേടി
നിലമ്പൂര്‍: ജില്ലാ കലോത്സവത്തില്‍ അപ്പീല്‍ വിധിയിലൂടെ ഹയര്‍ സെക്കന്‍ഡറി വിഭാഗം മംഗലം കളി മത്സരത്തിനെത്തിയ എരുമമുണ്ട നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ ഒന്നാം സ്ഥാനവും
എ ഗ്രേഡും നേടി. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികളാണ് സ്കൂളില്‍ പഠിക്കുന്നത്. ദുരന്തങ്ങള്‍ അതിജീവിച്ച പ്രദേശത്തെ കുട്ടികള്‍ക്ക് ലഭിച്ച വലിയൊരു അംഗീകാരമായി ഈ നേട്ടം മാറുകയാണ്. ഈ വര്‍ഷം പുതിയതായി ഉള്‍പ്പെടുത്തിയ ഗോത്ര നൃത്തങ്ങളില്‍ ഒന്നാണ് മംഗലം കളി. കാസര്‍ഗോഡ് ജില്ലയിലെ മാവിലന് സമുദായത്തിന്റെയും മലവേട്ടുവാന്‍ സമുദായത്തിന്റെയും തനത് നൃത്തമാണ് മംഗലം കളി.
അറബനമുട്ടില്‍
കൊട്ടുകരയുടെ മുന്നേറ്റം
കോട്ടക്കല്‍: കൊണ്ടോട്ടി സബ്ജില്ലയില് ഹയര്‍സെക്കന്‍ഡറി വിഭാഗം അറബനമുട്ടില്‍ അല്പം വ്യത്യാസത്തില്‍ രണ്ടാംസ്ഥാനം നേടിയപ്പോള്‍ പിപിഎംഎച്ച്എസ്എസ് കൊട്ടുകര വിട്ടുകൊടുത്തില്ല. അപ്പീല്‍ വഴി മലപ്പുറം ജില്ലാ റവന്യൂ കലോത്സവത്തില്‍ പങ്കെടുക്കുകയും ഒന്നാംസ്ഥാനം നേടി സംസ്ഥാന യോഗ്യത നേടിയെടുക്കുകയും ചെയ്തിരിക്കുകയാണ് ഈ മിടുക്കന്മാര്.
സി.കെ. നൗഷിന് നവേദ്, കെ. മുഹമ്മദ് ഷാമില്‍, എം. മുഹമ്മദ് ഷിബിന്‍, കെ. ഷുഹൈബ്, ടി. റനീം, കെ. സാഹില്‍, എം. അസല്‍ മുഹമ്മദ്, കെ.പി. മുഹമ്മദ് ഷാനിദ്, ടി. അമന് ഷഹ്സിന്, പി.പി. മുഹമ്മദ് റസല്‍ എന്നിവരടങ്ങുന്ന ടീമാണ് ഏറെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഹയര്‍ സെക്കന്‍ഡറി അറബനമുട്ടിലെ ഒന്നാംസ്ഥാനം കൊട്ടുകര സ്കൂളിന് നേടിക്കൊടുത്തത്. ഈ അധ്യയന വര്‍ഷം ആരംഭം മുതലേ ആരംഭിച്ച പഠനത്തിന് സജ്ജാദ് വടകര, യാസിര്‍ വടകര എന്നിവരണ് പരിശീലനം നല്‍കിയത്.
മുന്‍വര്‍ഷങ്ങളില്‍ ഹൈസ്കൂള്‍ വിഭാഗം സംസ്ഥാനതലത്തില്‍ മത്സരിച്ച് എ ഗ്രേഡ് നേടിയ കുട്ടികളുടെ അനുഭവസമ്പത്തും സ്കൂളിന് അനുകൂലമായി.