മുന്നേറ്റം തുടര്‍ന്ന് വേങ്ങര; ഒപ്പന മൊഞ്ച്; ആനന്ദ നടനം...
1482963
Friday, November 29, 2024 5:55 AM IST
കോട്ടക്കല്‍: ഒപ്പന ചുവടുകള്‍ക്ക് നടുവില്‍ തിളങ്ങി മൊഞ്ചുള്ള മണവാട്ടിമാര്‍. പാട്ടിനൊത്ത് കൈകൊട്ടി കളിച്ചു തോഴിമാര്. സ്കൂള്‍ കലോത്സവത്തിന്റെ വേദികളില്‍ ഒപ്പനപ്പാട്ടിന്റെയും നാട്യതാളലയമൊരുക്കി നര്‍ത്തകിമാരും നിറഞ്ഞാടിയപ്പോള്‍ കലാഘോഷം കാണാന്‍ തടിച്ചുകൂടിയത് വലിയ ആസ്വാദക വൃന്ദം. കോട്ടക്കല്‍ രാജാസ് ഹൈസ്കൂളില്‍ നടക്കുന്ന കൗമാരോല്‍സവം മൂന്നാംദിനത്തില്‍
219 ഇനങ്ങളുടെ മല്‍സരം പൂര്‍ത്തിയായപ്പോള്‍ 561 പോയിന്റുമായി വേങ്ങര ഉപജില്ല ഒന്നാമതും 551 പോയിന്റുമായി മലപ്പുറം ഉപജില്ല രണ്ടാമതും 538 പോയിന്റുമായി കൊണ്ടോട്ടി ഉപജില്ല മൂന്നാമതുമായി മുന്നേറുന്നു. യുപി വിഭാഗം 131 പോയിന്റുമായി പെരിന്തല്‍മണ്ണ ഉപജില്ലയും ഹൈസ്കൂള്‍ വിഭാഗത്തില്‍ 223 പോയിന്റുമായി മങ്കട ഉപജില്ലയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 246 പോയിന്റുമായി വേങ്ങര ഉപജില്ലയും കിരീടത്തിനായി കുതിക്കുന്നു.
സംസ്കൃതം യുപിയില്‍ 88 പോയിന്റുമായി മേലാറ്റൂര്‍ ഉപജില്ലയും ഹൈസ്കൂള്‍ 68 പോയിന്റുമായി മേലാറ്റൂര്‍ ഉപജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു. അറബി യുപി വിഭാഗം 55 പോയിന്റുമായി പെരിന്തല്‍മണ്ണ, മലപ്പുറം, അരീക്കോട്, കുറ്റിപ്പുറം കിഴിശേരി ഉപജില്ലകള്‍ തമ്മില്‍ കടുത്ത മല്‍സരം നടക്കുന്നു.
അറബി ഹൈസ്കൂള്‍ 70 പോയിന്റുമായി മങ്കട, പെരിന്തല്‍മണ്ണ ഉപജില്ലകള്‍ ഒന്നാം സ്ഥാനത്ത് മുന്നേറുന്നു. സ്കൂള്‍ വിഭാഗത്തില്‍ (ഓവര്‍ആള്‍) സിഎച്ച്എംഎച്ച്എസ്എസ് പൂക്കൊളത്തൂര്‍ 163 പോയിന്റുമായി ഒന്നാം സ്ഥാനത്തും 157 പോയിന്റുമായി ആര്‍എംഎച്ച്എസ് മേലാറ്റൂര്‍ രണ്ടാം സ്ഥാനത്തും 132 പോയിന്റുമായി പികഐംഎംഎച്ച്എസ് എടരിക്കോടും മൂന്നാംസ്ഥാനത്തുമാണ്.
വേദി ഒന്നിലെ ഒപ്പന മല്‍സരം കാണാനായിരുന്നു ഇന്നലെ ഏറെ തിരക്കനുഭവപ്പെട്ടത്. രാവിലെ പത്ത് മണിയോടെ ആരംഭിച്ച ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒപ്പന മല്‍സരം ഇന്നു പുലര്‍ച്ചെയോടെയാണ് അവസാനിച്ചത്.
വേദി മൂന്നിലെ കുച്ചിപ്പുഡിയും നാലിലെ മോഹിനിയാട്ടവും കാണാന്‍ നിറഞ്ഞ സദസായിരുന്നു. ഭാവാഭിനയത്തിന്റെ കാഴ്ചയായി ഹയര്‍സെക്കന്‍ഡറി വിഭാഗം നാടകവും അറബിക് മോണാആക്ടും നടനവിസ്മയം തീര്‍ത്ത കുച്ചിപ്പുഡിയുമെല്ലാം കലോല്‍സവ നഗരി കലയുടെ മൊഞ്ച് വിടര്‍ത്തി. നാലാംദിനമായ ഇന്ന് ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി സംഘ നൃത്തവും മാര്‍ഗംകളിയും നഗരിയെ ആവേശത്തിലാഴ്ത്തും. ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാപ്പിളപ്പാട്ടും യുപി വിഭാഗം ഒപ്പനയും വേദി മൂന്നില്‍ ഇന്ന് കലയുടെ വസന്തമൊരുക്കും.