ഉറിയാക്കോട്ടെ എസ് വളവ് ഇനിയും നിവർത്തിയില്ല
1546531
Tuesday, April 29, 2025 3:56 AM IST
പൂവച്ചൽ: ഉറിയാക്കോട്ടെ എസ് വളവ് മാറ്റാനുള്ള നടപടികൾ നീളുന്നതായി പരാതി. കൊടും വളവുകളുള്ള റോഡിൽ അപകടങ്ങൾ പതിവാണ്. മൂന്നുമാസങ്ങൾക്കുമുൻപ് ഇവിടെ നിയന്ത്രണംവിട്ട കാർ സമീപത്തെ പറമ്പിലേക്കു മറിഞ്ഞെങ്കിലും ആളപായമുണ്ടായില്ല.
എസ് വളവിനെക്കുറിച്ചുള്ള നാട്ടുകാരുടെ നിരന്തരമായ പരാതിയെത്തുടർന്നു നാലുവർഷം മുൻപ് സ്ഥലത്തെത്തിയ മന്ത്രി മുഹമ്മദ് റിയാസും മറ്റു ജനപ്രതിനിധികളും റോഡും പരിസരവും പരിശോധിച്ചശേഷം ഉടൻ പരിഹാരം കാണുമെന്നു നാട്ടുകാർക്ക് ഉറപ്പു നൽകിയെങ്കിലും നാളിതുവരെ വളവു നിവർന്നില്ല.
വാഹനാപകടങ്ങൾ പതിവായതിനെത്തുടർന്നു നാട്ടുകാർ പ്രതിഷേധവുമായി വീണ്ടും രംഗത്തെത്തിയതിനെത്തുടർന്ന് ആഴ്ചകൾക്കുമുൻപ് റോഡ് നിവർത്താനാണെന്നുപറഞ്ഞ് സമീപത്തെ പറമ്പിൽ കല്ലുകൾ സ്ഥാപിച്ചെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല.വളവ് നിവർത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
റോഡ് നിവർക്കുന്നതിനുവേണ്ടി വസ്തു ഏറ്റെടുക്കൽ, നഷ്ടപരിഹാരം നൽകൽ എന്നിവയെ സംബന്ധിച്ച് നാട്ടുകാർക്ക് അറിയിപ്പൊന്നും നൽകിയിട്ടില്ല. നാട്ടുകാരുടെ പങ്കാളിത്തത്തോടെ അടിയന്തരമായി വളവ് നിവർത്തണമെന്നും അല്ലാത്തപക്ഷം സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറയുന്നു.
അപകടകെണിയുമായി ഉറിയാക്കോട് ജംഗ്ഷൻ നവീകരിക്കാൻ 2.5 കോടി വകയിരുത്തിയെന്നാണു പറയുന്നത്. എന്നാൽ നടപടികൾ ഒന്നും ആരംഭിച്ചിട്ടില്ല. കാട്ടാക്കട-വെള്ളനാട് റോഡിലെ ഉറിയാക്കോട് ജംഗ്ഷനിൽ റോഡ് തകർന്നത് അപകടകെണിയാണ്. നിരവധി വാഹനങ്ങളാണ് ദിവസവും ഇവിടെ അപകടത്തിൽപെടുന്നത്.
മുളയറയിൽനിന്നും ഉറിയാക്കോട് വഴി വെള്ളനാട്ടേക്ക് വരുന്നതിനായി തിരിയുന്ന വാഹനങ്ങളും ഇവിടെ അപകടത്തിൽപെടുന്നുണ്ട്. ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപെടുന്നതിൽ അധികവും. കാട്ടാക്കട ഉൾപ്പടെയുള്ള പ്രദേശങ്ങളിൽനിന്ന് നെടുമങ്ങാട്ടേയ്ക്കും വെള്ളനാട്ടേയ്ക്കും പോകുന്ന തിരക്കേറിയ റോഡാണിത്. കൊടുംവളവായ ഇവിടെ ആറു മാസത്തിനിടെ മുപ്പതിലധികം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ടെന്നു സമീപത്തെ ഓട്ടോസ്റ്റാന്റിലെ ഡ്രൈവർമാർ പറഞ്ഞു. മുൻപ് മുളയറ ഉറിയാക്കോട് റോഡിന്റെ നവീകരണത്തിനായി ഇറക്കിയ മെറ്റലുകൾ ജംഗ്ഷനിൽ അപകടത്തിന് ഇടയാക്കിയിരുന്നു.