ഘോഷയാത്രക്കിടെ മേളക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
1546328
Monday, April 28, 2025 10:41 PM IST
പൂവാർ: ഘോഷയാത്രക്കിടെ മേളക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. കരിച്ചൽ ദേവീക്ഷേത്രത്തിൽ നടന്ന വിളക്കുകെട്ട് ഘോഷയാത്രയ്ക്ക് ചെണ്ടമേളത്തിനെത്തിയ കരുംകുളം പള്ളം ആലകെട്ടിയ കോളനിയിൽ ശ്രീധരൻ-ഭാരതി ദമ്പതികളുടെ മകൻ പ്രതാപൻ (39) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി എട്ടരയോടെയാണ് സംഭവം. ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിന്റെ സമാപനത്തിനു മുന്നോടിയായി നടന്ന വിളക്ക് കെട്ട് ഘോഷയാത്രക്ക് സുഹൃത്തുക്കളോടൊപ്പം വാദ്യമേളത്തിന് എത്തിയതായിരുന്നു പ്രതാപൻ.
സന്ധ്യയോടെ ഊറ്ററ പള്ളിക്കര തെക്കത് നടയിൽ നിന്നും തുടങ്ങിയ ഘോഷയാത്ര രാത്രിയോടെ ക്ഷേത്രത്തിന് സമീപം എത്തിയതോടെ പ്രതാപന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് കുഴഞ്ഞ് വീണതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ 108 ആംബുലൻസിൽ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം മുട്ടത്തറ മോക്ഷ കവാടത്തിൽ സംസ്കരിച്ചു. ഭാര്യ വിനി. മക്കൾ: ഹരി, അശ്വതി. സഞ്ചയനം. വ്യാഴം രാവിലെ ഒന്പതിന്. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.