റോഡുവശത്ത് കഞ്ചാവ് ചെടി കണ്ടെത്തി
1546523
Tuesday, April 29, 2025 3:56 AM IST
പേരൂര്‍ക്കട: തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ റോഡുവശത്ത് കഞ്ചാവ് ചെടി കണ്ടെത്തി. മണ്ണന്തല സ്റ്റേഷന് പരിധിയില്‍ പരുത്തിപ്പാറ പാണന്‍വിള ഭാഗത്തെ ബിഎസ്എന്‍എല്‍ ഓഫീസിനു മുന്‍വശത്തെ റോഡരികിൽനിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
രഹസ്യവിവരത്തെ തുടര്‍ന്നാണ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെട്ട സംഘം ഇവിടെ പരിശോധന നടത്തിയത്. റോഡുവശത്ത് കാട്ടുചെടികള്‍ പടര്‍ന്നു കിടക്കുന്ന ഭാഗത്താണ് 90 സെന്റി മീറ്റർ വലുപ്പം വരുന്ന കഞ്ചാവ് ചെടി കണ്ടെത്തിയത്. തുടര്പരിശോധനയ്ക്കായി ചെടി ശേഖരിച്ചിട്ടുണ്ട്. ആരാണ് ഈ ഭാഗത്ത് കഞ്ചാവ് ചെടി നട്ടുവളര്ത്തിയതെന്നു വ്യക്തമായിട്ടില്ല. എക്സൈസ് സംഘം ഇതുസംബന്ധിച്ച് അന്വേഷണം തുടരുന്നുണ്ട്.