ലഹരി വിരുദ്ധ സന്ദേശവുമായി വിദ്യാർഥികൾ വീട്ടിലെത്തും
1546508
Tuesday, April 29, 2025 3:55 AM IST
കാട്ടാക്കട: ലഹരിക്കെതിരെ മനുഷ്യചങ്ങല ഒരുക്കാൻ കാട്ടാക്കട. ലഹരി വിരുദ്ധ സന്ദേശവുമായി വിദ്യാർഥികൾ വീട്ടിലെത്തുന്ന തരത്തിലാണ് കാട്ടാക്കട മണ്ഡലത്തിൽ മനുഷ്യച്ചങ്ങല നടപ്പിലാക്കുന്നത്. ഇതിനുള്ള പ്രവൃത്തികൾ അന്തിമഘട്ടത്തിൽ.
മയക്കുമരുന്നിൽനിന്നു സമൂഹത്തെ രക്ഷിക്കാൻ പ്രതിരോധവും പ്രചാരണവും തീർക്കുന്ന തരത്തിലാണ് പ്രവർത്തനം. മേയ് 10നു വൈകുന്നേരം നാലിനു മയക്കുമരുന്നിനെതിരായ മനുഷ്യച്ചങ്ങല തീർക്കും. "മാനവ ശൃംഖല' എന്ന പരിപാടി കുണ്ടമൺകടവിൽ ആരംഭിച്ച് മണ്ഡപത്തിൻകടവുവരെ നീളും.
മേയ് രണ്ടിനു രാവിലെ എട്ടിനാണ് "മയക്കുമരുന്നിനെതിരേ കാട്ടാക്കട' കാന്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം. സാംസ്കാരികവകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ മുഖ്യാതിഥിയാകും. പ്രമുഖ വ്യക്തിത്വങ്ങൾ വിദ്യാർഥികളുമായി സംവദിക്കും.
കുട്ടികളുടെ കളരിപ്പയറ്റ്, സൂംബ ഡാൻസ്, മറ്റു കലാപരിപാടികൾ, ലഹരിവിരുദ്ധപ്രതിജ്ഞ തുടങ്ങിയവ നടക്കും. മലയിൻകീഴ് ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻഎസ്എസ് വോ ളന്റിയർമാർ കാട്ടാക്കട മണ്ഡലത്തിലെ ഓരോ വാർഡിലും കയറിയിറങ്ങി ലഹരിവിരുദ്ധസന്ദേശം പ്രചരിപ്പിക്കുകയും സർവേയും നടത്തും.
ഓരോ വാർഡിലും 10 എൻഎസ്എസ് വോളന്റിയർമാർ വീതം മൂന്നുദിവസം താമസിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ദിവസവും നൂറുവീടുകൾ സന്ദർശിച്ച് ലഹരിക്കെതിരേ ബോധവത്കരണം നടത്തും. വേനലവധിയിൽ മൊബൈൽ, ടിവി എന്നിവയിൽനിന്നു കുട്ടികളെ മോചിപ്പിച്ചു കലാകായിക അനുഭവങ്ങളിലേക്കെത്തിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. മണ്ഡലത്തിലെ 120 വാർഡുകളിലായി 2000-ത്തോളം വോളന്റിയർമാരാണ് ലഹരിവിരുദ്ധ സന്ദേശവുമായെത്തുന്നത്. മണ്ഡലത്തിലെ വിവി ധ പഞ്ചായത്ത് പ്രസിഡന്റുമാരും പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.