പ്രകൃതിവാതക പൈപ്പ് ലൈൻ പൊട്ടിയത് പരിഭ്രാന്തിയുണ്ടാക്കി
1546509
Tuesday, April 29, 2025 3:55 AM IST
ശ്രീകാര്യം: മേൽപാല നിർമാണത്തിനു തൂണുകൾ ഉണ്ടാക്കാനായി മണ്ണുമാന്തി യന്ത്രം കൊണ്ടു കുഴിയെടുമ്പോൾ പ്രകൃതി വാതക പൈപ്പ് ലൈൻ പൊട്ടിയതു പരിഭ്രാന്തിയുണ്ടാക്കി. ഇന്നലെ വൈകുന്നേരം 5.30 മണിയോടെ ശ്രീകാര്യം ജംഗ്ഷനു സമീപം ഇളംകുളത്താണു പ്രകൃതിവാതകം ചോർന്ന് അൻപത് മീറ്ററോളം ഭാഗത്ത് പടർന്നത്. പ്രകൃതി വാതക കമ്പനിയിലെ ഉദ്യോഗസ്ഥരെത്തി വാൽവടച്ചതോടെയാണ് ഗ്യാസ് ഒഴുക്ക് നിലച്ചത്.
മണ്ണുമാന്തി യന്ത്രത്തിന്റെ കൈകൾതട്ടി വാതക പൈപ്പിന്റെ ഒരു ഭാഗത്തെ ഒട്ടിപ്പ് ഇളകിയതിനെ തുടർന്നു വാതകം ഉയരത്തിലേയ്ക്ക് പൊങ്ങി സമീപത്തു പടരുകയായിരുന്നു. നിർമാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികൾ ഉടൻ തന്നെ ശ്രീകാര്യം പോലീസിലും കഴക്കൂട്ടം അഗ്നിശമനസേനാ വിഭാഗത്തിലും പ്രകൃതി വാതക പൈപ്പ് ലൈൻ കമ്പനിക്കാരെയും വിവരം അറിയിച്ചു. പിന്നീട് പോലീസ് സ്ഥല ത്തെത്തി സമീപത്തുള്ള ആളുകളെയും കച്ചവട സ്ഥാപനങ്ങളിലുള്ളവരെയും മാറ്റി. അതിനിടയിൽ ഗ്യാസ് പൈപ്പ് ലൈൻ കമ്പനിയുടെ ഓപ്പറേറ്റർ എത്തി ഗ്യാസ് കണക്ഷന്റെ വാൽവ് അടച്ചു. ഏകദേശം അൻപത് മീറ്റർ ദൂരത്തോളം ഗ്യാസ് പടർന്നു.
എൽപിജി ഗ്യാസ് പോലെ അന്തരീഷത്തിൽ പെട്ടെന്നു പടർന്നു പിടിക്കുന്ന വാതകമല്ല പ്രകൃതിവാതകമെന്ന് അധികൃതർ അറിയിച്ചു. പൊട്ടിയ പൈപ്പ് ശരിയാക്കാനുള്ള ജോലികൾ ഇന്ന് ആരംഭിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.