ശുചീകരണമില്ല; ഇഴജന്തു ഭീഷണിയിൽ കറ്റച്ചക്കോണം സ്കൂൾ ഗ്രൗണ്ട്
1546529
Tuesday, April 29, 2025 3:56 AM IST
പേരൂർക്കട: ശുചീകരണം ഇല്ലാതായതോടെ പാറോട്ടുകോണം കറ്റച്ചക്കോണം സ്കൂളിന്റെ വകയായയുള്ള കളിസ്ഥലം കാടുകയറിയ നിലയിൽ. ഏകദേശം 50 സെന്റ് വരുന്ന കളിസ്ഥലമാണ് കാടുകയറി കിടക്കുന്നത്.
സമീപത്തെ സ്വകാര്യവ്യക്തിയുടെ ഭൂമിയായിരുന്നു പ്രസ്തുത കളിസ്ഥലം. പിന്നീട് സ്കൂളിനായി ഈ ഭൂമി വിട്ടുനൽകുകയായിരുന്നു. എന്നാൽ ഇവരുടെ പിൻതലമുറക്കാരുമായി നിലനിൽക്കുന്ന തർക്കമാണ് ശുചീകരണം നടക്കാത്തതിനുള്ള കാരണം. ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങൾ നടത്താറുള്ള സ്കൂൾ ഗ്രൗണ്ടിൽ പല പ്രമുഖ ഇന്ത്യൻ ഫുട്ബോളർമാരും മാറ്റുരച്ചിട്ടുണ്ട്. ഗ്രൗണ്ടിന്റെ ചുറ്റുമതിൽ റോഡിന്റെ ഭാഗത്തു വന്നവസാനിക്കുകയാണ്. നാലുപാടും കാടുകയറി കിടക്കുന്നതിനാൽ റോഡിന്റെ ഭാഗത്തുനിന്ന് നോക്കിയാൽ ഗ്രൗണ്ട് പൂർണമായും തിരിച്ചറിയാൻ സാധിക്കില്ല. വൈകുന്നേരങ്ങളിൽ സ്കൂൾ കുട്ടികൾ ഈ ഗ്രൗണ്ടിലാണ് വിനോദങ്ങളിൽ ഏർപ്പെടുന്നത്.
ചിലപ്പോൾ ഇതു രാത്രി 7 മണി വരെ നീളാറുണ്ട്. അതുകൊണ്ടുതന്നെ ഇഴജന്തുക്കളെ ഭയന്നു വേണം ഗ്രൗണ്ട് ഉപയോഗപ്പെടുത്താൻ. സ്കൂളിനായി ഫണ്ട് അനുവദിക്കപ്പെട്ടു വികസന പ്രവർത്തനങ്ങൾ നടക്കുമ്പോഴും വിനോദോപാധിയായ സ്കൂൾ ഗ്രൗണ്ട് അവഗണിക്കപ്പെടുന്നതായി നാട്ടുകാർ പറയുന്നു. ഗ്രൗണ്ടിന്റെ നാലുപാടുമുള്ള കാടുകൾ വെട്ടിത്തെളിച്ചാൽ മാത്രമേ കുട്ടികൾക്കു സുരക്ഷിതമായി വിനോദങ്ങളിൽ ഏർപ്പെടാൻ സാധിക്കൂ. നല്ലൊരു കായിക തലമുറയെ വാർത്തെടുക്കാൻ ഉപയുക്തമായ സ്കൂൾ ഗ്രൗണ്ട് അനാഥമായി കിടക്കുന്നതിൽ പ്രദേശവാസികൾക്ക് അമർഷമുണ്ട്.