വിഴിഞ്ഞം തുറമുഖം: വിജിഎഫ് ഫണ്ട് ഗ്രാന്റായി നൽകാത്തത് അത്ഭുതപ്പെടുത്തുന്നെന്ന് തരൂർ
1546515
Tuesday, April 29, 2025 3:55 AM IST
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തിനുള്ള വി.ജി.എഫ് ഫണ്ട് ഗ്രാന്റായി നൽകുന്നതിനു പകരം വായ്പയായി നൽകിയ കേന്ദ്ര സർക്കാറിന്റെ തീരുമാനം അത്ഭുതപ്പെടുത്തുന്നതാണെന്ന് ഡോ. ശശി തരൂർ എംപി. അടുത്ത മാസം രണ്ടിനു പ്രധാനമന്ത്രി തുറമുഖം രാജ്യത്തിനു സമർപ്പിക്കുന്നതിനു മുന്നോടിയായി വിഴിഞ്ഞം തുറമുഖത്ത് സന്ദർശനം നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡോ. തരൂർ.
പല പ്രതിസന്ധികളെയും തരണം ചെയ്തു പദ്ധതി യാഥാർഥ്യമായതിൽ അതിയായ സന്തോഷമുണ്ട്. വികസന കാര്യത്തിൽ കക്ഷി രാഷ്ട്രീയ വേർതിരിവുകൾ പാടില്ലെന്നതാണു തന്റെ നിലപാട്. തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാര പാക്കേജ് വിതരണത്തിലുള്ള പോരായ്മയിൽ തനിക്ക് അതൃപ്തിയുണ്ട്.
തൊഴിൽ നഷ്ടപ്പെട്ടവരെ ചേർത്തു നിറുത്തേണ്ടതും മതിയായ നഷ്ടപരിഹാരം നൽകേണ്ടതും സർക്കാരിന്റെ കടമയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ടാണ് തുറമുഖ നിർമാണത്തിനു തുടക്കം കുറിക്കാനായതെന്നും നിലവിലെ സർക്കാരു തുറമുഖം യാഥാർഥ്യമാക്കുന്നതിൽ വലിയ പങ്കുവഹിച്ചതായും ശശി തരൂർ പറഞ്ഞു. അദാനി പോർട്ട് സിഇഒ പ്രദീപ് ജയരാമൻ, കോർപ്പറേറ്റ് അഫയേഴ്സ് മേധാവി അനിൽ ബാലകൃഷ്ണൻ എന്നിവരും തരൂരിനൊപ്പമുണ്ടായിരുന്നു.