പ്രധാനമന്ത്രിയുടെ വരവുംകാത്ത് വിഴിഞ്ഞം തുറമുഖം
1546526
Tuesday, April 29, 2025 3:56 AM IST
വിഴിഞ്ഞം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിനായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തയാറെടുത്തു. കേരളത്തിന്റെയും ഇന്ത്യയുടെയും വികസന സ്വപ്നമായ തുറമുഖത്തെ രാജ്യത്തിനു സമർപ്പിക്കുന്ന ധന്യമുഹൂർത്തത്തിന് ഇനി മൂന്നുനാൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്കു കടന്നു. ഇന്നലെ രാവിലെ മുതൽ തുറമുഖം എസ്പിജിയുടെ നിയന്ത്രണത്തിലായി . ഇനി മേയ് രണ്ടിനു പ്രധാനമന്ത്രി വന്നു മടങ്ങും വരെ കാര്യങ്ങൾ എസ്പിജി ഉദ്യോഗസ്ഥർ തീരുമാനിക്കും.
കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന പദ്ധതിയുടെ സമർപ്പണം ഒരുനാടിന്റെ ആഘോഷമായി മാറ്റാനാണ് അധികൃതരുടെ തീരുമാനം. ഉദ്ഘാടനത്തിനു സാക്ഷികളാകാൻ നാടിന്റെ നാനാ ദിക്കിൽ നിന്നെത്തുന്ന ആയിരങ്ങളെ വരവേൽക്കാനുള്ള വേദി നിർമാണം തുടങ്ങിക്കഴിഞ്ഞു.
തുറമുഖ കവാടത്തിനു വലതു ഭാഗത്തായി പതിനായിരം പേരെ പ്രതീക്ഷിച്ചാണ് പടുകൂറ്റൻ വേദിയൊരുക്കുന്നത്. ആകാശമാർഗമെത്തുന്ന പ്രധാനമന്ത്രിയെ വരവേൽക്കാൻ തുറമുഖ ഓഫീസിനും, വേദിക്കും കവാടത്തിനും സമീപവുമായി മൂന്ന് ഹെലിപാടുകളും ഒരുങ്ങുന്നുണ്ട്.
പ്രത്യേക സഹാചര്യം കണക്കിലെടുത്ത് തിരുവനന്തപുരവും വിഴിഞ്ഞവും ഇന്നുമുതൽ കനത്ത സുരക്ഷയിലാണ്. ഐജിഎസ്വിമാർ ഉൾപ്പെടെ പോലീസിന്റെയും, മിലിറ്ററിയുടെയും, എസ്പിജി യുടെയും ഉന്നത ഉദ്യോഗസ്ഥർ, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ, ഫയർ ഫോഴ്സ്, കെഎസ്ഇബി ഉൾപ്പെടെ വിവിധ വകുപ്പുകളുടെ ഉന്നതർ എന്നിവരുമായുള്ള അവലോകന യോഗം ഇന്നലെ രാവിലെ തുറമുഖ ഓഫീസിൽ നടന്നു.
വേദിയിലെയും കപ്പലുകൾ അടുക്കുന്ന വാർഫ്,പുലിമുട്ട് എന്നിവിടങ്ങളിലെയും സുരക്ഷ അധികൃതർ വിലയിരുത്തി. കരയിലെ സുരക്ഷക്കൊപ്പം കടലിലും സേനകളുടെ വൻ പടയുണ്ടാകും. കോസ്റ്റ് ഗാർഡിന്റെ സി. 441, സി.427, അതിവേഗ കപ്പൽ അനഘ്, നേവിയുടെ കപ്പലുകൾ, തീരദേശ പോലീസിന്റെയും, മറൈൻ എൻഫോഴ്സ്മെന്റിന്റെയും പട്രോൾ ബോട്ടുകളും കടലിൽ നിലയുറപ്പിച്ചു നിരീക്ഷണം ആരംഭിച്ചു. കൂടാതെ തുറമുഖ കമ്പനിയുടെ പ്രത്യേക പരിശീലനം നേടിയ പത്ത് റാപ്പിഡ് ആക്ഷൻ അംഗങ്ങളെയും സുരക്ഷക്കായി നിയോഗിക്കും.
പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവരെ കർശനമായി നിരീക്കാനുള്ള സംവിധാനവും ഉണ്ടാകും. ഉന്നതരുടെ നിർദേശങ്ങൾക്കും നിയന്ത്രണങ്ങൾക്കും നടുവിലാകും വിഴിഞ്ഞം തുറമുഖത്തിന്റെ ഇനിയുള്ള ദിവസങ്ങൾ.
എസ്. രാജേന്ദ്രകുമാർ