വിതുര ശിവൻകോവിൽ ജംഗ്ഷനിലെ പാലം പുനർനിർമിക്കണമെന്ന് ആവശ്യം
1546530
Tuesday, April 29, 2025 3:56 AM IST
വിതുര: പൊന്മുടിപ്പാതയിലെ വിതുര ശിവന്‍കോവില്‍ ജംഗ്ഷനിലുള്ള പാലം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നൂറ്റാണ്ടിന്റെ പഴക്കമുള്ള പാലം അപകടാവസ്ഥയിലാണെന്നും കൃത്യമായി അറ്റകുറ്റപ്പണി ചെയ്യാത്താണ് പ്രധാന കാരണമെന്നും നാട്ടുകാർ പറയുന്നു.
പൊന്മുടിയിലേക്കുള്ള സുഗമ യാത്രയ്ക്കായി ഒരു നൂറ്റാണ്ടിനുമുമ്പു ബ്രിട്ടീഷുകാരാണ് കോട്ടിയത്തറ-തള്ളച്ചിറ തോടിനു കുറുകെ പാലം നിർമിച്ചത്. വലിയ ഒറ്റക്കല്ലുകള്‍ കൊണ്ടു പണിഞ്ഞ പാലത്തിനു മുകളിലൂടെ റോഡു നിര്‍മിക്കുകയായിരുന്നു. അടിഭാഗത്തെ കൽക്കെട്ട് ഇടിഞ്ഞ് കല്ലുകള്‍ ഇളകി മാറിയതും കൈവരികൾ പൊളിഞ്ഞതുമാണു പ്രധാന പ്രശ്നങ്ങൾ. റോഡിലെ വളവും അപകടസാധ്യത കൂട്ടുന്നു. ഇടുങ്ങിയ പാലത്തിലൂടെ വാഹനങ്ങള്‍ പോകുന്നത് ഏറെ ബുദ്ധിമുട്ടിയാണ്.
അവധി ദിവസങ്ങളില്‍ പൊന്മുടിയിലേക്കും പേപ്പാറയിലേക്കുമായി നൂറുകണക്കിനു വാഹനങ്ങളാണ് ഇതു വഴി പോകുന്നത്. ബോണക്കാട്, കല്ലാര്‍, ഐസർ, ജെഴ്സിഫാം എന്നിവിടങ്ങളിലേക്കും ആദിവാസി മേഖലകളായ പൊടിയക്കാല, മണലി, ആനപ്പാറ എന്നിവിടങ്ങളിലേക്കു പോകണമെങ്കിലും പാലത്തെ ആശ്രയിക്കണം. പഴകുറ്റി പൊന്മുടിപ്പാത നവീകരണത്തിന്റെ ഭാഗമായി പാലം പൊളിച്ചു പണിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.