നോര്‍ക്കയെ കബളിപ്പിച്ച സിനിമാ സംവിധായകന് അറസ്റ്റില്‍
1545656
Saturday, April 26, 2025 6:33 AM IST
പേരൂര്‍ക്കട: വ്യാജ അറ്റസ്റ്റേഷന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നോര്‍ക്ക റൂട്ട്സിനെ കബളിപ്പിച്ച സിനിമാ സംവിധായകനെ കന്റോണ്‍മെന്റ് സിഐ പ്രജീഷ് ശശി, എസ്ഐമാരായ ജിജുകുമാര്‍, ഗ്രീഷ്മ ചന്ദ്രന് എന്നിവര്‍ ഉള്‍പ്പെട്ട സംഘം അറസ്റ്റുചെയ്തു.
പള്ളിക്കല്‍ കാട്ടുപുതുശേരി മൂന്നാംകല്ല് ജംഗ്ഷന് സൈന മന്‍സിലില്‍ അനസ് സൈനുദീന്‍ (37) ആണ് അറസ്റ്റിലായത്. എറണാകുളം നോര്‍ക്ക റൂട്ട്സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് സെന്ററിലെ ഓതന്റിക്കേഷന് ഓഫീസറുടെ സീലും ഒപ്പും വ്യാജമായി നിര്‍മിച്ചാണ് പ്രതി വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.
2024 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലം ആയൂര്‍ സ്വദേശിനിയായ ബി.ടെക്കുകാരിക്കാണ് ഇപ്രകാരം വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിക്കൊടുക്കുകയും അതു തിരുവനന്തപുരം നോര്‍ക്ക റൂട്ട്സില്‍ സമര്‍പ്പിക്കുകയും ചെയ്തത്. യുഎഇ എംബസി അറ്റസ്റ്റേഷനുവേണ്ടി ഇപ്രകാരം വ്യാജ സര്‍ട്ടിഫിക്കറ്റ് സീല്‍ വച്ചു തയാറാക്കി നല്‍കിയതിനായി പ്രതി യുവതിയില്‍ നിന്ന് ഒന്നരലക്ഷം രൂപയാണ് കൈപ്പറ്റിയത്.
സംഭവത്തില്‍ ഒന്നാംപ്രതി അടൂര്‍ സ്വദേശി ജി.ആര്.പ്രവീണിനെ (35) നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു. സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ ചെയ്തിട്ടുള്ള അനസ് ഒരു പുതുമുഖ ചിത്രത്തില്‍ നായകനായും അഭിനയിച്ചിട്ടുണ്ട്. പൂജപ്പുരയില്‍ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അന്വേഷണസംഘത്തില്‍ സിപിഒമാരായ ഹൈദറുദീന്, ബി.രഞ്ജിത്ത്, സുജേഷ്കുമാര്‍, എം.ഡി.അനില്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.