പൊങ്കാലയ്ക്കെത്തിയ വയോധികയുടെ സ്വർണമാല കവർന്നതായി പരാതി
1545660
Saturday, April 26, 2025 6:33 AM IST
കാട്ടാക്കട: പൊങ്കാല അർപ്പിക്കാൻ എത്തിയ വയോധികയുടെ സ്വർണ മാല കവർന്നതായി പരാതി. കാട്ടാക്കട മുടിപ്പുര ഭദ്രകാളി ദേവി ക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കാൻ എത്തിയ വയോധികയുടെ സ്വർണമാലയാണ് കവർന്നത്.കാട്ടാക്കട അഞ്ചുതെങ്ങിൻ മൂട് മണ്ണാംകോണം സേജൽ ഭവനിൽ ലീലാകുമാരി (65)ന്റെ നാലേകാൽ പവൻ സ്വർണമാലയാണ് കഴിഞ്ഞദിവസം രാവിലെ പൊട്ടിച്ചെടുത്തത്.
പണ്ടാര അടുപ്പിൽ തീ പകരുന്നതിന് തൊട്ട് മുമ്പാണ് സംഭവം. ലീലകുമാരിയും മക്കളായ ബിന്ദു ,സൗമ്യ എന്നിവരുമായാണ് പൊങ്കാല അർപ്പിക്കാൻ എത്തിയത്.ശേഷം ലീലകുമാരി തൊഴാൻ പോയ സമയം തിരക്ക് കൂടുതൽ ആയതിനാൽ തിരികെ വരുന്നതിനിടെയാണ് മാല പൊട്ടിച്ചത്. മക്കളുടെ അടുത്ത് എത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ടെന്ന് മനസിലായത്.
തിരിക്കിനിടയിലാവാം മാല നഷ്ടപ്പെട്ടതെന്ന് ലീല കുമാരി പറഞ്ഞു. സംഭവം നടന്ന ഉടനെ ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു.
തുടർന്ന് പോലീസിലും അറിയിച്ചു. പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്. ലീലാ കുമരിയുടെ മൊഴി രേഖപ്പെടുത്തി കാട്ടാക്കട പോലീസ് കേസെടുത്തു.