കൂലി വർധന തടഞ്ഞു ; എൻഎഫ്എസ്എ തൊഴിലാളികൾ സമരത്തിലേക്ക്
1545659
Saturday, April 26, 2025 6:33 AM IST
തിരുവനന്തപുരം : റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ്, എൻഎഫ്എസ്എ ഗോഡൗണുകളിൽ കയറ്റിറക്കു ജോലി ചെയ്യുന്ന തൊഴിലാളികളുടെ കൂലി വർധന നടപ്പാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കയറ്റിറക്കു തൊഴിലാളികൾ സമരമാരംഭിക്കാൻ തിരുവനന്തപുരത്തു ചേർന്ന കേരളാ സ്റ്റേറ്റ് ഹെഡ് ലോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി ) സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചതായി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ.ഹഫീസും ജനറൽ സെക്രട്ടറി വി.ആർ.പ്രതാപനും അറിയിച്ചു.
ഏകപക്ഷീയമായ സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഗോഡൗണുകൾ അടച്ച് പണി മുടക്കി സമരം ചെയ്യാനും ഐഎൻ ടിയുസി തീരുമാനിച്ചതായി ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ. ഹഫീസ് അധ്യക്ഷത വഹിച്ചു. വി.ജെ. ജോസഫ്,വി.ആർ. പ്രതാപൻ, കെ.കെ. ഇബ്രാഹീം കുട്ടി,പി.പി. അലി തുടങ്ങിയവർ പ്രസംഗിച്ചു.