കൊച്ചുതുറയിൽ റോഡ് ഉപരോധിച്ചു : പുറന്പോക്ക് ഭൂമി നികത്താനൊരുങ്ങി പഞ്ചായത്ത് അധികൃതർ; തടഞ്ഞ് നാട്ടുകാർ
1545371
Friday, April 25, 2025 6:36 AM IST
വിഴിഞ്ഞം: പഞ്ചായത്ത് പുറംമ്പോക്ക് ഭൂമിയിൽ മണ്ണിട്ട് നികത്തി വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർ. സ്വകാര്യ ഭൂമിയാണെന്ന് അവകാശപ്പെട്ട് എത്തിയ നാട്ടുകാർ പണി തടസപ്പെടുത്താൻ ശ്രമിച്ചു. മണ്ണിടൽ തുടർന്നതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നാട്ടുകാർ റോഡ് ഉപരോധവുമായി രംഗത്ത് എത്തി. കരിംകുളം കൊച്ചുപള്ളിക്ക് സമീപത്തെ ഒന്നര ഏക്കറോളം വരുന്ന സർക്കാർ ഭൂമിയിലെ മണ്ണിടലാണ് തർക്കത്തിനു വഴിതെളിയിച്ചത്.
കാടും പടലുംപിടിച്ച ഭൂമിയിലെ വെള്ളക്കെട്ടിനെതിരെ നേരത്തെ വ്യാപക പരാതി ഉയർന്നിരുന്നതായി പഞ്ചായത്ത് അധികൃതർ പറയുന്നു. പരിഹാരമായി ഭൂമിയുടെ നവീകരണത്തിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും ലക്ഷ്യംവച്ചു രണ്ടു പ്രാവശ്യമായി 20 ലക്ഷം രൂപയുടെ ഫണ്ടും വകയിരുത്തി. എന്നാൽ ജില്ലാ കളക്ടറുടെ അനുമതിയോടെ പഞ്ചായത്തധികൃതർ പണി നടത്താനുള്ള ശ്രമം ആരംഭിച്ചതോടെ തടസവാദങ്ങളുമായി നാട്ടുകാരിൽ ഒരുവിഭാഗം രംഗത്തെത്തുകയായിരുന്നു.
ഹൈക്കോടതിയിൽനിന്നു പോലീസ് സംരക്ഷണ അനുമതി വാങ്ങിയ അധികൃതർ ഇന്നലെ കാടു വെട്ടിത്തെളിച്ചു വെള്ളകെട്ട് ഒഴിവാക്കാനുള്ള നടപടി ആരംഭിച്ചു. ഇതിനിടയിൽ മണ്ണുമായെത്തിയ ലോറികളെ പ്രതിഷേധക്കാർ തടയുക യായിരുന്നു. എന്നാൽ പോലീസിന്റെ സംരക്ഷണയിൽ മണ്ണിടൽ തുടർന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ വിഴിഞ്ഞം-കളിയിക്കാവിള തീരദേശറോഡ് ഉപരോധിച്ചു.
ബഞ്ചുകളും മറ്റും നിരത്തി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ റോഡ് ഉപരോധിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. രാവിലെ തുടങ്ങിയ ഉപരോധം ഉച്ചകഴിഞ്ഞും തുടർന്നു. ഒടുവിൽ ജനപ്രതിനിധികളും ഇടവകാധികാരും തമ്മിൽ നടന്ന ചർച്ചക്കൊടുവിൽ ഉപരോധം അവസാനിച്ചു.
കാഞ്ഞിരംകുളം പോലീസ് കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെ റോഡ് ഉപരോധത്തിന് കേസെടുത്തു. നാട്ടുകാരുടെ ആരോഗ്യപ്രശ്നത്തിനു വരെ വഴിതെളിച്ച വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡ സൈമൺ അറിയിച്ചു.