സ്റ്റാറായി ഗുദാദത്ത് മാങ്ങ...
1545666
Saturday, April 26, 2025 6:44 AM IST
നെടുമങ്ങാട് : മൂന്ന് കിലോയിലധികം തൂക്കം ഉള്ള ഗുദാദത്ത് മാങ്ങ വേറിട്ട കാഴ്ചയാകുന്നു.
വട്ടപ്പാറ മരുതൂര്‍ ആദിത്യയില്‍ അജിത്തിന്റെ വീട്ടുമുറ്റത്തെ ഗുദാദത്ത് എന്നയിനം മാവിനു പേര് പോലെ വൈവിധ്യമായ ചരിത്രവുമുണ്ട്. വർഷങ്ങൾക്കു മുൻപ് കോഴിക്കോട് ബീച്ച് ഫയര്‍ സ്റ്റേഷന് ഇരിക്കുന്ന പ്രദേശം ഫ്രഞ്ചുകാരുടെ അധീനതയിലുള്ള പ്രദേശമായിരുന്നു.
ആക്കാലത്തു ഫ്രഞ്ചുകാർ കോഴിക്കോട് ബീച്ച് ഫയര്‍ സ്റ്റേഷന് പരിസരത്ത് കൊണ്ടു നട്ട ഗുദാദത്ത് മാവ് എല്ലാവരും അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. ആ മാവില്‍ ആദ്യകാലത്തൊക്കെ കായ്ച്ചിരുന്ന മാങ്ങക്ക് അഞ്ച് കിലോവരെ ഭാരമുണ്ടായിരുന്നു.
എന്നാൽ പിന്നീട് പുതിയ തൈകള്‍ ഉണ്ടാക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരിന്നു.കോഴിക്കോട് ഫയർ ഫോഴ്സ് സ്റ്റേഷനിൽ ജീവനക്കാരനായിരുന്ന അജിത്ത് ഗുദാദത്ത് മാങ്ങ നട്ടുപിടിപ്പിക്കാനായി കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളുമയി നിരന്തരം ബന്ധപ്പെട്ടു.
ഒടുവില്‍ മലപ്പുറത്തെ ആനക്കയം കാര്‍ഷിക ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥര്‍ കോഴിക്കോട് വന്നു. അവര്‍ മാവിന്റെ ചില്ലകള്‍ വെട്ടി കൊണ്ടുപോയി. മാസങ്ങള്‍ കഴിഞ്ഞ് അവര്‍ 40 ഓളം തൈകള്‍ സ്റ്റേഷനില്‍ എത്തിച്ചു. സഹപ്രവർ ത്ത ക രെല്ലാം വീടുകളില്‍ കൊണ്ടുപോയി നട്ടുവളര്‍ത്തിയെങ്കിലും ഒന്നുപോലും വളര്‍ന്ന് കായ്ച്ചില്ല. അജിത് വീട്ടിൽ കൊണ്ട് വന്നു നട്ട മാവ് വർഷങ്ങൾക്കു ശേഷം കായ്ച്ചു.
100ഓളം ചെറിയ മാങ്ങ ഉണ്ടായിരുന്നെങ്കിലും 11 മാങ്ങ മാത്രമാണ് ഇപ്പോള്‍ പൂര്‍ണ വളര്‍ച്ചയിലെത്തിയത്. ബാക്കിയെല്ലാം പൊഴിഞ്ഞു പോയി. ഗുദാദത്ത് മാങ്ങ കാണാൻ അജിത്തിന്റെ വീട്ടിൽ സന്ദർശകർ ഏറുകയാണ്.