ആര്‍സിസിയിലെ കാത്ത് ലാബ് ഉദ്ഘാടനം; മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
1545658
Saturday, April 26, 2025 6:33 AM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം ആര്‍സിസിയിലെ കാത്ത് ലാബ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഡിഎംഇ (ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍) യോടാണ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
ആര്‍സിസിയിലെ കാത്ത് ലാബിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം ഡയക്ടര്‍ ഡോ. രേഖ എ. നായര്‍ നിര്‍വഹിക്കുകയുണ്ടായി. എന്നാല്‍ ഈ വിവരം മന്ത്രിയെ അറിയിക്കുകയോ എംഎല്‍എ, എംപി, വാര്‍ഡ് കൗണ്‍സിലര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കുകയോ ചെയ്തിരുന്നില്ല. ഇതുസംബന്ധിച്ച് ഒരു നോട്ടീസ് പോലും ഇറക്കുകയുണ്ടായില്ല.
സംസ്ഥാന സര്‍ക്കാരിന്റെ 12 കോടി രൂപ മുതല്‍ മുടക്കിയാണ് പുതിയ കാത്ത് ലാബ് സജ്ജീകരിച്ചത്. മാത്രമല്ല, മന്ത്രിയുടെ ഓഫീസ് ഉദ്ഘാടന പരിപാടി അറിഞ്ഞതോടെ 11ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം നേരത്തെയാക്കി 9.30ന് നടത്തുകയായിരുന്നു.
അതിനിടെ ഉദ്ഘാടനം നടത്തിയതായി കാണിച്ച ഫലകം ചിലര്‍ചേര്‍ന്ന് ഇളക്കിമാറ്റിയതും വിവാദമായിരുന്നു. ആര്‍സിസി ഡയറക്ടര്‍ സ്വന്തമായി കാത്ത് ലാബ് ഉദ്ഘാടനം നടത്തിയതു സംബന്ധിച്ച് ആര്‍സിസി ഡയറക്ടറോടും മന്ത്രി വിശദീകരണം ചോദിച്ചിട്ടുണ്ട്.