മുതലപ്പൊഴിയിലെ പൊഴി മുറിച്ചു
1545665
Saturday, April 26, 2025 6:44 AM IST
തിരുവനന്തപുരം : നാലു ദിവസത്തെ കഠിന പ്രയത്നത്തെ തുടർന്ന് മുതലപ്പൊഴിയിലെ പൊഴി ഇന്നലെ വൈകുന്നേരത്തോടെ മുറിച്ചു. പൊഴിമുഖത്ത് അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ കണ്ണൂർ അഴീക്കൽ തുറമുഖത്തു നിന്നും എത്തിച്ച കൂറ്റൻ ഡ്രഡ്ജർ ഇന്നലെ രാവിലെ മുതലപ്പൊഴിയിൽ എത്തി.
ഡ്രഡ്ജെറിന് പൊഴിമുഖത്തേക്ക് കടന്നു വരാനുള്ള വഴി ഒരുക്കുകയാണ് തൊഴിലാളികൾ. 13 മീറ്റർ വീതിയിലും രണ്ടര മീറ്റർ ആഴത്തിലും മണൽ നീക്കം നടത്തിയാൽ മാത്രമേ ചന്ദ്രഗിരി ഡ്രഡ്ജ്റിന് പൊഴി മുഖത്തേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളു. നാളെ പുലർച്ചെയോടെ ഇത് പൊഴി മുഖത്തേക്ക് പ്രവേശിക്കും.
അഞ്ചു ലക്ഷം കുബിക് മീറ്റർ മണലാണ് പൊഴി മുഖത്ത് നിന്നും നീക്കം ചെയ്യാനുള്ളത്. ചന്ദ്ര ഗിരി ഡ്രഡ്ജറിന് മണിക്കൂറിൽ 400 കുബിക് മീറ്റർ മണ്ണ് നീക്കം ചെയ്യാൻ ശേഷിയുണ്ട്. മണൽ അടിഞ്ഞു കൂടിയത് കാരണം മൂന്നുറിൽ അധികം ബോട്ടുകളും വള്ളങ്ങളും മത്സ്യ ബന്ധനത്തിന് പോകാൻ സാധിക്കാത്ത അവസ്ഥ വന്നതോടെയാണ് മത്സ്യ ത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സമവായ ചർച്ചകൾ നടത്തിയതിന്റെ ഫലമായാണ് മണ്ണ് നീക്കം നടത്താനും പൊഴി മുറിക്കാനും ധാരണയായത്. നീക്കം ചെയ്യുന്ന മണ്ണ് വീണ്ടും അടിഞ്ഞു കൂടാതെ നോക്കണമെന്നും അശാശ്രീയമായി മണൽ നീക്കം നടത്തരുതെന്നും തങ്ങൾ മുന്നോട്ട് വച്ചു അംഗീകരിച്ച വിധത്തിൽ പ്രവർത്തന ങ്ങൾ നടത്തണമെന്നും സമരസമിതി ഇന്നലെയും തുറമുഖ വകുപ്പ് അധികൃതരോട് പറഞ്ഞു.
മേയ് 15 നുള്ളിൽ മുതല പൊഴിയിലെ മണ്ണ് പൂർണമായി മാറ്റി പഴയ സ്ഥിതിയിൽ ആക്കുമെന്നാണ് തുറമുഖ വകുപ്പ് അധികൃതർ പറയുന്നത്. അതേ സമയം ചന്ദ്രഗിരി ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണൽ നീക്കം അടുത്ത ദിവസം തുടങ്ങിയേക്കും.