സ്വത്ത് സ്വന്തമാക്കാന്‍ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന യുവാവിന് ജീവപര്യന്തം
1545655
Saturday, April 26, 2025 6:33 AM IST
നെയ്യാറ്റിന്‍കര : സ്വത്ത് സ്വന്തമാക്കാന്‍ 52 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ യുവാവായ ഭർത്താവിന് ജീവപര്യന്തം കഠിന തടവ്. നെയ്യാറ്റിൻകര അതിയന്നൂർ അരുൺ നിവാസിൽ അരുണി (32) നെയാണ് ഭാര്യയെ കൊന്ന കുറ്റത്തിന് ജീവപര്യന്തം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴ അടയ്ക്കുന്നതിനുമായി അഡീഷണൽ ജില്ലാ കോടതി ജഡ്ജി എ.എം.ബഷീർ ഉത്തരവായത്. ത്രേസ്യാപുരം പ്ലാങ്കാല പുത്തൻ വീട്ടിൽ ഫിലോമിന മകൾ ശാഖാകുമാരി (52) യാണ് കൊല്ലപ്പെട്ടത്.
2020 ഡിസംബർ 26ന് പുലർച്ചെ 1.30 യ്ക്കാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ശാഖാകുമാരിയുടെ ഭർത്താവാണ് പ്രതി അരുൺ. വിവാഹം വേണ്ടെന്ന തീരുമാനത്തില്‍ കഴിഞ്ഞ ശാഖാകുമാരി അരുണുമായി പ്രണയത്തിലായി. തിരുവനന്തപുരം നഗരത്തിലെ ചില ആശുപത്രികളിൽ ഇലക്ട്രീഷ്യൻ ആയിരുന്നു അരുൺ. വലിയ സ്വത്തിനു ഉടമയായിരുന്നു ശാഖകുമാരി. തന്റെ സ്വത്തുകൾക്ക് അവകാശിയായി ഒരു കുഞ്ഞു ജനിക്കണമെന്ന ആഗ്രഹമാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലും കലാശിച്ചത്.
50 ലക്ഷം രൂപയും 100 പവൻ സ്വർണവും അരുൺ വിവാഹ പരിതോഷികം ആയി ആവശ്യപ്പെട്ടു. 2020 ഒക്ടോബര്‍ 29ന് വിവാഹം നടന്നു. വരന്റെ ഭാഗത്തു നിന്നും ഒരു സുഹൃത്ത് മാത്രമേ വിവാഹത്തില്‍ പങ്കെടുത്തുള്ളൂ. വിവാഹം രഹസ്യമായിരിക്കണമെന്നും വിവാഹ ഫോട്ടോ, വീഡിയോ ഒന്നും പുറത്ത് പ്രചരിപ്പിക്കാൻ പാടില്ലായെന്നും പ്രതി നിർബന്ധിച്ചിരുന്നു. എന്നാൽ ശാഖാകുമാരിയുടെ ബന്ധുക്കളിൽ ചിലർ വിവാഹ ഫോട്ടോകള്‍ പുറത്ത് പ്രചരിപ്പിച്ചത് അരുണിനെ വല്ലാതെ ചൊടിപ്പിച്ചു.
വിവാഹ ശേഷം അരുൺ ഭാര്യാവീട്ടിൽ തന്നെ താമസിച്ചു. വിവാഹത്തിന് മുന്‍പേ തന്നെ അരുണ്‍ ധാരാളം പണം കൈക്കലാക്കിയിരുന്നു. ശാഖാകുമാരിയുടെ പണം ഉപയോഗിച്ച് കാറും ബൈക്കും വാങ്ങുകയും ചെയ്തു. ആഡംബര ജീവിതം നയിച്ചുപോന്ന അരുണ്‍ കുട്ടികള്‍ വേണമെന്ന ശാഖാകുമാരിയുടെ ആവശ്യത്തോട് വൈമുഖ്യം കാണിച്ചു.
ഇതിനിടയില്‍ അരുണ്‍ സ്വത്ത് മുഴുവനും കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ ശാഖാകുമാരിയെ അപായപ്പെടുത്താന്‍ ശ്രമിച്ചു. വീട്ടിൽ ഓവൻ റിപ്പയർ ചെയ്യുന്നതായി ഭാവിച്ച് ശാഖാകുമാരിയുടെ കൈയിൽ ഷോക്ക് അടിപ്പിക്കാൻ ശ്രമം നടത്തി. അന്ന് ശാഖാകുമാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ശാഖാകുമാരിയെ തെളിവില്ലാതെ കൊലപെടുത്തുകയും നിയമപരമായ ഭർത്താവ് എന്ന നിലയിൽ സ്വത്തുക്കളുടെ അവകാശിയായി മാറുകയും ചെയ്യുക എന്നതായിരുന്നു അരുണിന്റെ ലക്ഷ്യം. ഡിസംബർ 25ന് രാത്രിയിൽ ബന്ധുക്കൾ പിരിഞ്ഞ ശേഷം അരുൺ ഭാര്യയെ കൊല്ലാൻ മുൻകൂട്ടി പദ്ധതിയിട്ടു. പുലർച്ചെ ഒന്നരയോടെ കിടപ്പുമുറിയില്‍ ശാഖാകുമാരിയുടെ വായും മുഖവും ബലം പ്രയോഗിച്ച് അമർത്തി ശ്വാസം മുട്ടിച്ച് ബോധം കെടുത്തി. തുടര്‍ന്ന് ശരീരം വലിച്ചിഴച്ച് വീടിന്റെ ഹാളില്‍ കൊണ്ടുചെന്ന് കിടത്തി. മുൻകൂട്ടി കരുതിയിരുന്ന പ്ലഗും വയറും ഉപയോഗിച്ച് സമീപത്തെ ഷോകെയ്സിലെ ഇലക്ട്രിക് സോക്കറ്റിൽ വയറ് ഘടിപ്പിച്ച് ശാഖാകുമാരിയുടെ വലതു കൈത്തണ്ടയിലും മൂക്കിലും കൊടുത്തു വൈദ്യുതി കടത്തി വിട്ട് കൊലപ്പെടുത്തി.
പിന്നീട് കേടായ സീരിയൽ ബൾബ് സെറ്റ് ശാഖാകുമാരിയുടെ മൃതദേഹത്തിൽ വിതറിയിട്ടു. പുലർച്ചെ ആറോടെ അരുൺ തന്നെ വീടിനു സമീപത്തെ വീടുകളിലുള്ളവരെ പോയി വിളിച്ചു കൊണ്ടുവന്നു. ശാഖാകുമാരിയുടെ മൃതദേഹം കാണിച്ചു. അവരുടെ നിർദേശം അനുസരിച്ച് സ്വിച്ച് ഓഫ് ചെയ്ത് മൃതദേഹത്തിൽ നിന്നും അരുൺ വയറുകൾ മാറ്റി. അത് നാട്ടുകാരിൽ സംശയം ഉണർത്തിയിരുന്നു.
ശാഖാകുമാരിക്ക് ജീവനുണ്ടെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ച് അവരുമൊത്ത് കാറിൽ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശാഖാകുമാരിയുടെ ശരീരം എത്തിച്ചു. അവിടെ പരിശോധിച്ച ഡോക്ടർ മണിക്കൂറുകൾക്ക് മുൻപ്തന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് വെള്ളറട പോലീസ് സ്റ്റേഷനിൽ ഇന്റിമേഷൻ അയച്ചു കൊടുത്തതാണ് കേസില്‍ വഴിത്തിരിവ് ഉണ്ടാകാൻ കാരണമായത്.
വിധി പറയും മുൻപായി പ്രതി കോടതിയോട് ദയ യാചിച്ചു. അച്ഛൻ ഹൃദ്രോഗി ആണെന്നും സഹോദരൻ ഗൾഫിൽ ആണെന്നും വീട്ടുകാരെ സംരക്ഷിക്കാൻ താൻ മാത്രമാണുള്ളതെന്നും അരുണ്‍ കോടതിയില്‍ പറഞ്ഞു. അതിനാൽ ശിക്ഷയിൽ ഇളവ് ഉണ്ടാകണമെന്നും അഭ്യർഥിച്ചു.
എന്നാൽ ഇത് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ദൃക്സാക്ഷികൾ ഇല്ലാത്ത ഈ കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസീക്യൂഷൻ ആശ്രയിച്ചത്.സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി.കെ. ഉഷാകുമാരി,കുന്നത്തുകാൽ ഇലക്ട്രിക്കൽ സെക്ഷൻ അസി. എൻജിനിയർ സുമ എന്നിവർ പ്രധാന സാക്ഷികളായി.
ഈ കേസിൽ പോസ്റ്റുമോർട്ടം നടത്തിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സീനിയർ പോലീസ് സർജൻ ഡോ. എസ്. ഷാരിജ കോടതിയിൽ നൽകിയ മൊഴി നിർണായകമായി. കൊല്ലപ്പെട്ട ശാഖാകുമാരിയുടെ വലതു കൈത്തണ്ടയുടെ അകവശം സൂപ്പർഫിഷ്യൽ ആർട്ടറിയിൽ ഏല്പിച്ച ഇലക്ട്രിക് ഷോക്ക് നേരിട്ട് ഹൃദയ ധമിനികളുടെ പ്രവർത്തനം ഉടനടി നിർത്തുന്നതിനു പര്യാപ്തമാണെന്ന ഡോക്ടറുടെ ശാസ്ത്രീയ മൊഴി കോടതി പരിഗണിച്ചിരുന്നു.
പ്രതി തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ ചില ആശുപത്രികളിലെ ഇലക്ട്രീഷ്യൻ ആയിരുന്നു എന്നും മറ്റു സാക്ഷിമൊഴികൾ കൊണ്ട് തെളിവിൽ വന്നു. ഒരു ആശുപത്രിയിലെ അത്യാഹിത ഭാഗം ഇലക്ട്രിക് വിദഗ്ധനു മാത്രമേ ഇപ്രകാരം പ്രവർത്തിക്കാൻ കഴിയുകയുള്ളൂവെന്ന് പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചു.
വെള്ളറട പോലീസ് സബ് ഇൻസ്പെക്ടർമാരായ ഡി.സദാനന്ദൻ, വി.രാജതിലകൻ എന്നിവർ പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ ഇൻസ്പെക്ടർ എം. ശ്രീകുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ ഫയൽ ചെയ്തത്.
കേസിൽ പ്രോസിക്യൂഷൻ ഭാഗം 44 സാക്ഷികളെ വിസ്തരിക്കുകയും 83 രേഖകളും കേസിൽ പെട്ട 43 വസ്തുക്കളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ. അജികുമാർ, അഡ്വ. മഞ്ജിത എന്നിവർ ഹാജരായി. എഎസ്ഐ ശ്രീകല പോലീസ് ലൈസണ്‍ ഓഫീസറായി പ്രവർത്തിച്ചു.